ഒരിക്കല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വീണ്ടും പിടിച്ചാല്‍ ശിക്ഷ കഠിനമെന്ന് ഡിജിപി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് ഒരിക്കല്‍ പിടിച്ചെടുത്ത് വിട്ടുനല്‍കിയ വാഹനങ്ങളുടെ ഉടമകള്‍ വീണ്ടും ഇതേ കുറ്റത്തിന് വീണ്ടും പിടിയിലായാല്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുനല്‍കിയ ഇത്തരം വാഹനങ്ങള്‍ വീണ്ടും എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.

ഒരിക്കല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വീണ്ടും പിടിച്ചാല്‍ കേസെടുക്കില്ലെന്ന ധാരണ തെറ്റാണെന്നും ഡിജിപി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വ്യാപക പ്രചരണം നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഇതു കണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Top