കോഴിക്കോട്: പരവൂര്‍ ദുരന്തസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നതായി ഡി.ജി.പി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തേക്കുറിച്ച് എസ്.പി.ജി താനുമായി ആശയവിനിമയം നടത്തിയിരുന്നു. അപ്പോഴാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി എത്തുന്നതിനെ എതിര്‍ത്തതെന്ന് ഡി.ജി.പി പറയുന്നു. അടുത്ത ദിവസം സന്ദര്‍ശിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍ പരവൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതനായി തീര്‍ന്നെന്നും പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷ ഒരുക്കേണ്ടി വന്നതായും സെന്‍കുമാര്‍ പറയുന്നു.