അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയവികാരം ഇളക്കിവിടുന്നത് ലക്ഷ്യമിട്ട്: ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: വര്‍ഗീയവികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണ് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിനു ചിലര്‍ മനപ്പൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം, വര്‍ഗീയ കലാപത്തിനു സാധ്യതയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കത്വ സംഭവത്തിന്റെ മറപിടിച്ച് മതസ്പര്‍ധ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂലസംഘടനകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. വര്‍ഗീയകലാപം ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ഇനിയുമുണ്ടായേക്കാമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. ഇത് കണക്കിലെടുത്ത് എല്ലാ പ്രദേശത്തും കൂടുതല്‍ പൊലീസുകാരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കും.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണു നടപടി. അതിനിടെ ഹര്‍ത്താലാണെന്ന പ്രചാരണത്തിനു തുടക്കമിട്ട ഒരാളെ ഹൈടെക് സെല്‍ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയായ യുവാവിന്റെ പക്കല്‍ നിന്ന് വിദ്വേഷജനകമായ സന്ദേശങ്ങളും കണ്ടെത്തി.

Top