തിരുവനന്തപുരം: കോവളത്ത് വിദേശവനിത ലിഗയുടെ മരണത്തില്‍ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എല്ലാവിധ പരിശോധനകളും നടത്തും. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായം തേടി മാത്രമേ അന്തിമ നിഗമനത്തിലെത്തൂ. ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഡിജിപി അറിയിച്ചു. മുന്‍വിധിയോടെ പ്രതികരിക്കാനില്ല. അന്വേഷണം അഭിമാനപ്രശ്‌നം കൂടിയാണെന്നും വെല്ലുവിളിയാണെന്നും ഡിജിപി പ്രതികരിച്ചു.
നേരത്തെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്നും എല്ലുകളും മറ്റും യഥാസ്ഥാനത്താണെന്നും പൊലീസ് പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലാത്‌വിയ സ്വദേശി ലിഗ(33)യെ ആയുര്‍വേദ ചികിത്സക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞ മാര്‍ച്ച് 14നാണ് കാണാതായത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളിലാണു ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഫോറിന്‍സിക് പരിശോധനയില്‍ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.