ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്

behra

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിലെ അസ്വാഭാവികതയെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറ ഉത്തരവിട്ടു.

ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല.

ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

ഉഴവൂര്‍ വിജയന്റെ ശത്രുക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു.

അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പായിച്ചറ നവാസും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. വിജയനെ എന്‍.സി.പി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ മരണമെന്ന് പരാതിയിലുണ്ട്. അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരിയുടെ പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. വിജയനെതിരെ വധഭീഷണി മുഴക്കുന്ന ഫോണ്‍വിളിയുടെ ശബ്ദരേഖയും നവാസ് ഡി.ജി.പിക്ക് കൈമാറിയിരുന്നു.

ഭാര്യയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങിലും കായംകുളത്തെ ഗൃഹപ്രവേശനത്തിലും പങ്കെടുത്തശേഷം എന്‍.സി.പി പ്രവര്‍ത്തകരായ സതീഷ്, നിതിന്‍ എന്നിവര്‍ക്കൊപ്പം മടങ്ങവേ സുല്‍ഫിക്കര്‍, ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും കുടുംബാംഗങ്ങളെക്കുറിച്ച് അശ്ലീലവും അപവാദവും പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ ഇതെല്ലാം കേട്ടിരുന്നു. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം ഉയര്‍ന്ന വിജയനെ ആശുപത്രിയിലാക്കി. ഉഴവൂര്‍ വിജയനെ വിളിക്കും മുന്പ് എന്‍.സി.പി യുവജനവിഭാഗം അദ്ധ്യക്ഷന്‍ മുജീബ് റഹ്മാനെയും സുല്‍ഫിക്കര്‍ ഫോണില്‍ വിളിച്ചതായും പരാതിയിലുണ്ട്. സുല്‍ഫിക്കറിന്റെ ഫോണ്‍വിളിയെത്തുടര്‍ന്ന് വിജയന്‍ ശാരീരികമായും മാനസികമായും തളര്‍ന്നുപോയി. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് വിജയന്റെ മരണമെന്നും നവാസിന്റെ പരാതിയില്‍ പറയുന്നു. സ്ത്രീകളെ കുറിച്ച് ലൈംഗികച്ചുവയുള്ള സംസാരം നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും വധഭീഷണി നടത്തിയതിനും സുല്‍ഫിക്കറിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

Top