അക്രമം തടയാനുള്ള കരുതല്‍ അറസ്റ്റില്‍ വീഴ്ച; ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ശാസന

DGP Loknath Behera

തിരുവനന്തപുരം: അക്രമം തടയാനുള്ള കരുതല്‍ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഡിജിപി ശാസിച്ചു. വീഴ്ച വരുത്തിയാല്‍ നടപടി ഉണ്ടാകുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്. മുന്ത്രിയുടെ സുരക്ഷ കൂട്ടുവാനും നിര്‍ദേശം നല്‍കി.

അതേസമയം, ശബരിമല യുവതി പ്രവേശത്തിന് പിന്നാലെയുണ്ടായ അക്രമം പല ജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാനും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമങ്ങളില്‍ അയ്യായിരത്തിലേറെ പേര്‍ക്കെതിരെ കേസെടുത്തതോടെ അറസ്റ്റിനുള്ള പ്രത്യേകസംഘങ്ങളും രൂപീകരിച്ചു. അറസ്റ്റിലാകുന്നവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ എറണാകുളം ജില്ലയില്‍ പൊലീസ് 228 പേരെ അറസ്റ്റ് ചെയ്തു. 31 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്കെതിരെ ഇന്നും നടപടികളുണ്ടായേക്കുമെന്നാണ് സൂചന. ഹര്‍ത്താലുമായി ബന്ധപ്പെട്ട് 26 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 31 പേരെ പ്രിവന്റീവ് അറസ്റ്റിനും വിധേയമാക്കി.

Top