ഐജിയും പൊലീസ് ഡ്രൈവറും മദ്യലഹരിയില്‍ : ഡിജിപി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: അഞ്ചല്‍ – തടിക്കാട് റോഡില്‍ പൊലീസ് സ്റ്റേഷനു സമീപം മദ്യലഹരിയില്‍ ഐജിയെയും പൊലീസ് ഡ്രൈവറെയും വാഹനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് ഡിജിപി ലോക് നാഥ് ബഹ്‌റ റിപ്പോര്‍ട്ട് തേടി.

ഇരുവര്‍ക്കുമെതിരെ വകുപ്പ് തല നടപടി ഉണ്ടാവാനാണ് സാധ്യത.

ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാടെയാണ് അഞ്ചല്‍ തടിക്കാട് റോഡിന് സമീപത്ത് നിന്നും ക്രൈംബ്രാഞ്ച് ഐജിയെയും ഡ്രൈവറെയും അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഔദ്യോഗിക വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പൊലീസ് പരിസരം നിരീക്ഷിച്ചപ്പോഴാണ് ക്രൈംബ്രാഞ്ച് ഐജി ജയരാജ്, ഡ്രൈവര്‍ സന്തോഷ് എന്നിവരെ മദ്യലഹരിയില്‍ കണ്ടെത്തിയത്.

ഉടന്‍ സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ എസ്.ഐയും സംഘവുമെത്തി ഡ്രൈവറെ മാറ്റി വാഹനത്തോടൊപ്പം ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

വൈദ്യ പരിശോധനയില്‍ ഇരുവരും മദ്യപിച്ചെന്ന് ബോധ്യമായതോടെ മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ സന്തോഷിനെതിരെ കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയാണുണ്ടായത്.

തുടര്‍ന്ന് ഐ.ജിയെ കൊട്ടാരക്കര റൂറല്‍ എസ്പി ഓഫീസിലേക്ക് കൊണ്ടുപോയി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും ഉള്‍പ്പെടെ വിവരം അറിഞ്ഞതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം റൂറല്‍ എസ്പിയോട് ഡിജിപി ആവശ്യപ്പെടുകയായിരുന്നു

Top