തിരുവനന്തപുരം: ജേക്കബ് തോമസിന് പരോക്ഷ വിമര്‍ശനവുമായി ഡിജിപി ടിപി സെന്‍കുമാര്‍. ഒന്നു പറയുകയും അത് സ്വന്തം ജീവിതത്തില്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവര്‍ കാപട്യക്കാരാണെന്ന് ഡിജിപി പറഞ്ഞു.
തനിക്ക് ഒരു നിയമവും ബാധകമല്ലെന്നും എന്നാല്‍ ആ നിയമങ്ങള്‍ മറ്റുളളവര്‍ പാലിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. ഇത്തരക്കാര്‍ മനുഷ്യാവകാശത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നവരാണെന്നും ഡിജിപി പറഞ്ഞു.
നേരത്തേയും സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച സംഭവത്തില്‍ ജേക്കബ് തോമസിനെ വിമര്‍ശിച്ച് ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ജേക്കബ് തോമസ് അച്ചടക്ക ലംഘനം നടത്തിയെന്ന് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.
ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരായ വിജിലന്‍സ് കോടതിവിധി വന്നതിന് പിന്നാലെ സത്യം ജയിച്ചുവെന്ന് ജേക്കബ് തോമസ് പ്രതികരിച്ചത് വന്‍ വിവാദമായിരുന്നു. ജേക്കബ് തോമസിന് മറുപടിയായി, ധാര്‍മികരോഷമുള്ളവര്‍ കെജ്‌രിവാളിനെപ്പോലെ പാര്‍ട്ടി രൂപവത്കരിക്കട്ടെ എന്ന് ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ പ്രതികരിക്കുകയും ചെയ്തു.
പരസ്യപ്രതികരണത്തിന്റെ പേരില്‍ ജേക്കബ് തോമസിന് സര്‍ക്കാര്‍ രണ്ട് കാരണംകാണിക്കല്‍ നോട്ടീസുകള്‍ അയച്ചിരുന്നു. തനിക്കെതിരെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നാരാഞ്ഞ് ജേക്കബ് തോമസ് നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയതും വിവാദമായി.
ഇതേതുടര്‍ന്ന് സര്‍വ്വീസിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കരുതെന്ന് വ്യക്തമാക്കുന്ന 1968ലെ സര്‍വ്വീസ് പെരുമാറ്റ ചട്ടത്തിന്റെ പകര്‍പ്പ് സെന്‍കുമാര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.