DGP T.P Senkumar- Vigilance Director

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന പൊലീസ് മേധാവിയും വിജിലന്‍സ് ഡയറക്ടറും മാറുമെന്ന് സിപിഎം.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന നേതാവാണ് ഇതു സംബന്ധമായ ചോദ്യത്തിനു മറുപടിയായി Express Kerala-യോട് പ്രതികരിച്ചത്.

സംസ്ഥാനത്തെ വിജിലന്‍സ് ഡയറക്ടര്‍ നിയമനം തന്നെ നിയമ വിരുദ്ധമാണ്. കേഡര്‍ ഡിജിപി തസ്തികയായ ഇവിടെ എഡിജിപി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡിയെ നിയമിച്ചത് ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ വേണ്ടിയും സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് ‘കുട’ പിടിക്കാനുമാണ്.

കോടതികള്‍ക്ക് വരെ വിജിലന്‍സില്‍ അവിശ്വാസം രേഖപ്പെടുത്തേണ്ട സാഹചര്യമാണ് ഡയറക്ടര്‍ ഉണ്ടാക്കി വച്ചിട്ടുള്ളത്. അഴിമതിക്കാരെ കല്‍തുറങ്കിലടക്കാന്‍ നേതൃത്വം നല്‍കേണ്ട ഈ സുപ്രധാന പദവിയില്‍ അര്‍ഹരായവരെ തന്നെ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ നിയമിക്കും.

സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ സിപിഎമ്മിനോട് പകപോക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലായ പി ജയരാജനെ അഡ്മിറ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും താല്‍പര്യ പ്രകാരമാണ് ഡിജിപി ഇടപെട്ടത്.

സിബിഐ ആണ് കേരള പൊലീസിനെ നയിക്കുന്നതെന്ന് തോന്നത്തക്ക നടപടിയാണ് പി ജയരാജന്റെ കാര്യത്തിലുണ്ടായത്. മുമ്പ് സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായിരുന്ന ഘട്ടത്തിലും സിപിഎമ്മിനെ ദ്രോഹിക്കുന്ന നിലപാടുകളാണ് സെന്‍കുമാര്‍ സ്വീകരിച്ചത്.

‘വി.എസ് പറഞ്ഞതുപോലെ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോള്‍ ഡിജിപി ഫേസ്ബുക്കില്‍ കളിച്ചു നടക്കുകയാണ്’. ഈ പരാമര്‍ശം ഒരിക്കലും അനുചിതമല്ലെന്നും സിപിഎം നേതാവ് ചൂണ്ടിക്കാട്ടി.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മിടുക്കരായ ഉദ്യോഗസ്ഥരുടെ ഒരു ടീം പൊലീസിലും വിജിലന്‍സിലും ക്രൈംബ്രാഞ്ചിലും ഉണ്ടാകുമെന്നും ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയും മുന്നണിയും ആലോചിച്ച് തീരുമാനിക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞു.

(പേര് വെളിപ്പെടുത്തരുതെന്ന് ഈ ഘട്ടത്തില്‍ അദ്ദേഹം താല്‍പ്പര്യപ്പെട്ടതിനാലാണ് പേര് ഒഴിവാക്കിയിട്ടുള്ളത്)

Top