തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകരായ പിജി സുരേഷ്‌കുമാറിനെയും കടവില്‍ റഷീദിനെയും പ്രതിയാക്കികേസെടുത്തതിനെതിരെ, പത്രപ്രവര്‍ത്തക യൂണിയന്‍ ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കും.
പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം യൂണിയന്‍ മുഖ്യമന്ത്രിയെ അറിയിക്കും. കേസ് പിന്‍വലിക്കാനാവശ്യമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. വിഷയം സഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. പൊലീസ് നടപടിക്കെതിരെ നിയമവിദഗ്ധരും വ്യാപക വിമര്‍ശമാണ് ഉയര്‍ത്തുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
വിഷയത്തില്‍ പ്രതികരിക്കാതെ ഉരുണ്ടുകളിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. പൊലീസിനും മുന്‍ ഡിജിപിയും പരാതിക്കാരനുമായ സെന്‍കുമാറിനുമെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കേരള പൊലീസ്, ഉത്തര്‍പ്രദേശിലെ യോഗി പൊലീസിനെ പോലെയാണ് പെരുമാറുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്. മുഖ്യമന്ത്രി ഇടപെട്ട് കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം പൊലീസ് കണ്ണടച്ച് നടപടിയെടുക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ആവശ്യപ്പെട്ടത്. പൊലീസ് നടപടി തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം, നടപടികള്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് സെന്‍കുമാര്‍ അപമാനിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി ജി സുരേഷ് കുമാറിനുമെതിരെ പൊലീസെടുത്ത കള്ളക്കേസാണ് വിവാദമാകുന്നത്. കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവില്‍ റഷീദിനെ സെന്‍കുമാര്‍ അപമാനിച്ചത്. തുടര്‍ന്ന് സെന്‍കുമാറിനൊപ്പമെത്തിയവര്‍ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
കടവില്‍ റഷീദ് പരാതി നല്‍കിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിര്‍ദ്ദേശ പ്രകാരം സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. പിന്നാലെ എതിര്‍പരാതിയുമായി സെന്‍കുമാറും രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവര്‍ത്തകയൂണിയന്റെ വാട്‌സ് അപ് ഗ്രൂപ്പില്‍ പി ജി സുരേഷ് കുമാര്‍ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെന്‍കുമാറിന്റെ പരാതി.