തിരുവനന്തപുരം: കോടതി പരിഗണനയിലിരിക്കുന്നതിനാല്‍ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. പോലീസ് ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശേഷിക്കുന്ന കാലാവധികൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. മുഖ്യമന്ത്രി നടത്തിയ റേഞ്ച് യോഗങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും റോഡ് അപകടങ്ങള്‍ കുറക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
സംസ്ഥാന പോലീസ് വകുപ്പില്‍ നടത്തിയ അഴിച്ചുപണികള്‍ സംബന്ധിച്ച് ആശങ്കകളില്ല. രമണ്‍ശ്രീവാസ്തവയെ ഉപദേശവായി നിയമിച്ചിരിക്കുന്നത് മുഖ്യമന്ത്രിയാണ്, അദ്ദേഹം മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കും ഡിജിപി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നേയില്ലന്നും മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകീട്ടാണ് സംസ്ഥാനത്തെ പൊലീസ് മേധാവിയായി സെന്‍കുമാര്‍ അധികാരമേറ്റത്.
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തിയ സെന്‍കുമാര്‍ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിച്ച ശേഷം സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നും സ്ഥാനം ഏറ്റെടുത്തു. 11 മാസം നീണ്ട നിയമപപോരാട്ടത്തിന് ശേഷമാണ് നേരത്തെ നഷ്ടമായ കസേരയിലേക്ക് സെന്‍കുമാര്‍ മടങ്ങിയെത്തിയിട്ടുള്ളത്.