തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചത് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഡിജിപിമാര്‍ക്ക് നല്‍കാത്തതിനാല്‍.
വിന്‍സന്‍ എം പോള്‍ വിരമിച്ച ഒഴിവില്‍ ഋഷിരാജ് സിങ്ങ് കൂടി ഡിജിപിയായതോടെ സംസ്ഥാന പൊലീസ് ചീഫ് സെന്‍കുമാര്‍ ഒഴികെയുള്ള മൂന്ന് ഡിജിപിമാരില്‍ ആരെയെങ്കിലും വിജിലന്‍സ് ഡയറക്ടറാക്കാതെ ജൂനിയര്‍ ഉദ്യോഗസ്ഥനെ നിയമിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ബെഹ്‌റക്കുള്ളത്.
തന്നെ ഇപ്പോള്‍ ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് തെറുപ്പിക്കേണ്ട സാഹചര്യം പോലും ഉണ്ടായത് അശാസ്ത്രീയമായ ഈ നിയമനമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ജൂനിയര്‍ ഉദ്യോഗസ്ഥനെ നിയമിച്ചതില്‍ ഡിജിപിമാരായ ജേക്കബ് തോമസിനും ഋഷിരാജ് സിങ്ങിനും കടുത്ത അതൃപ്തിയുണ്ട്. ഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥന്മാരുടെ വികാരവും ഇത് തന്നെയാണ്.
എഡിജിപി ശങ്കര്‍ റെഡ്ഡിയോട് വിരോധമുണ്ടായിട്ടല്ല, മറിച്ച് ഡിജിപി കേഡര്‍ പോസ്റ്റില്‍ ഡിജിപി തന്നെയാണ് വരേണ്ടതെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥന്മാരുടെ അഭിപ്രായം.
ഋഷിരാജ് സിങ്ങിന് ഉദ്യോഗക്കയറ്റം നല്‍കി ബറ്റാലിയനില്‍ തന്നെ നിയമിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. പിന്നീട് പുലിവാലാകുമെന്ന് കണ്ട് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് ഋഷിരാജ് സിങ്ങ് വരുന്നത് ഒഴിവാക്കാന്‍ ചില ‘ഇടപെടലുകള്‍’ ഉണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ഇപ്പോള്‍ ജയില്‍ മേധാവിയായി നിയമിച്ചിരിക്കുന്നത്.
സര്‍വ്വീസില്‍ സെന്‍കുമാറിന് തൊട്ട് താഴെ സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥരാണ് ജേക്കബ് തോമസും ലോക്‌നാഥ് ബെഹ്‌റയും. ഇതിന് ശേഷമാണ് ഋഷിരാജ് സിങ്ങ് വരിക.
സാധാരണ ഗതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം രണ്ടാമനായ ജേക്കബ് തോമസിനാണ് നല്‍കേണ്ടിയിരുന്നത്.
ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുകയും പരസ്പരം ഏറ്റുമുട്ടലിന്റെ വക്കിലെത്തുകയും ചെയ്ത സാഹചര്യത്തില്‍ ലോക്‌നാഥ് ബെഹ്‌റയേയോ ഋഷിരാജ് സിങ്ങിനേയോ ആയിരുന്നു പരിഗണിക്കേണ്ടിയിരുന്നത്.
എന്നാല്‍ ഈ മുതിര്‍ന്ന ഡിജിപിമാരെ അവഗണിച്ച് എഡിജിപി ശങ്കര്‍ റെഡ്ഡിക്കാണ് വിജിലന്‍സ് ഡയറക്ടറുടെ ചുമതല സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇത് പോലീസ് സേനയിലെ കീഴ് വഴക്കങ്ങള്‍ക്കും അച്ചടക്കത്തിനും വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്.
ഋഷിരാജ് സിങ്ങ് ആഗ്രഹിച്ചിട്ടല്ല അദ്ദേഹത്തെ ജയില്‍ മേധാവിയാക്കിയതെന്നും സര്‍ക്കാരിന്റെ മുന്നില്‍ മറ്റ് പോംവഴികളില്ലായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. ബാര്‍ കോഴ, പാറ്റൂര്‍ ഭൂമിയടക്കം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന അന്വേഷണങ്ങള്‍ വിജിലന്‍സില്‍ നടക്കുന്നതു കൊണ്ടാണ് കര്‍ക്കശക്കാരായ ഈ ഉദ്യോഗസ്ഥരെ പരിഗണിക്കാതിരുന്നത്.
സര്‍വ്വീസില്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ ജേക്കബ് തോമസും, ഋഷിരാജ് സിങ്ങും, ബെഹ്‌റയും ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ തിരിഞ്ഞാല്‍ അത് വലിയ പ്രത്യാഘാതത്തിനിടയാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംസ്ഥാനത്തെ വലിയവിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സര്‍ക്കാരിന്റെ തലതിരിഞ്ഞ നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
ജേക്കബ് തോമസിന് അഞ്ച് വര്‍ഷത്തോളവും ബെഹ്‌റയ്ക്കും ഋഷിരാജ് സിങ്ങിനും ഏഴ് വര്‍ഷത്തോളവുമാണ് ഇനി സര്‍വ്വീസ് അവശേഷിക്കുന്നത്.
ഭരണം മാറിയാല്‍ ഈ മൂന്ന് ഉദ്യോഗസ്ഥരും തന്ത്ര പ്രധാന തസ്തികകളില്‍ വരുമെന്ന് ഉറപ്പായതിനാല്‍ വടികൊടുത്ത് അടിമേടിക്കുന്ന സാഹചര്യമാണ് ആഭ്യന്തര വകുപ്പ് ‘തുഗ്ലക്’ പരിഷ്‌കാരം വഴി ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്.