DGP’S STATEMENT ABOUT ATM ROBERRY

loknath behara

തിരുവനന്തപുരം : തലസ്ഥാനത്തുനടന്ന എടിഎം തട്ടപ്പുമായി ബന്ധപ്പെട്ട് ബാങ്ക് എടിഎമ്മുകളിലെ സുരക്ഷാ ഭീഷണി പരിഹരിക്കാന്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ഇക്കാര്യത്തില്‍ ആര്‍ബിഐക്കു കത്തയയ്ക്കാന്‍ തീരുമാനമായി. നിലവില്‍ പല എടിഎമ്മുകളിലും ക്യാമറയും മറ്റും പ്രവര്‍ത്തിക്കുന്നില്ല.

മാത്രമല്ല, ഇവ കാര്യക്ഷമമാണെങ്കില്‍പ്പോലും സുരക്ഷ ശക്തമാക്കാന്‍ എന്തൊക്കെ ചെയ്യാമെന്നു ബാങ്കുകളുമായി ചര്‍ച്ച ചെയ്യും. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തട്ടിപ്പ്. ഇതെങ്ങനെ നേരിടാമെന്നും ജനങ്ങളെ എങ്ങനെ ബോധവല്‍ക്കരിക്കാമെന്നും അന്വേഷിക്കും.

അതേസമയം, മുംബൈയില്‍ അറസ്റ്റിലായ ഗബ്രിയേല്‍ മരിയനെ കേരളാ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ വിശദമായി ചോദ്യം ചെയ്യാനായിട്ടില്ല.

ഇയാളെ കേരളത്തിലേക്കു കൊണ്ടുവരാന്‍ മുംബൈ കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റ് നല്‍കിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്താലെ കൂടുതല്‍ ആളുകളെക്കുറിച്ച് അറിയാന്‍ പറ്റൂ.

തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ക്കു പങ്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

മറ്റു ജില്ലകളില്‍ ഇത്തരം തട്ടിപ്പിന്റെ പരാതികള്‍ അന്വേഷിക്കാന്‍ ഐജിമാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരാതികളൊന്നും കിട്ടിയിട്ടില്ല.

മറ്റു സംസ്ഥാനങ്ങളിലും ഇക്കാര്യത്തില്‍ അന്വേഷിച്ചിരുന്നു. അവിടെനിന്നും പരാതികളില്ല. നിലവില്‍ ഒരാള്‍ മാത്രമാണ് അറസ്റ്റിലായിരിക്കുന്നതെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Top