കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചുവെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് യുവതി .
ധനേഷ് മാത്യു മാഞ്ഞൂരാനും അഭിഭാഷക സുഹൃത്തുക്കളും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തുന്നതായും യുവതി പറഞ്ഞു.
ആദ്യമായാണ് യുവതി മാധ്യമങ്ങളോട് സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നത്.ധനേഷിന്റെ ഭാര്യ ആത്മഹത്യക്കു ശ്രമിച്ചുവെന്നും കുടുംബജീവിതം തകര്‍ക്കരുതെന്നും ധനേഷിന്റെ അമ്മയടക്കം തന്നോട് കണ്ണീരോടെ അഭ്യര്‍ത്ഥിച്ചിരുന്നു.
പല അവസരത്തില്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായെന്നും യുവതി വെളിപ്പെടുത്തി.
താന്‍ കേസില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് .യുവതിക്ക് പരാതിയില്ലെന്നായിരുന്നു ധനേഷ് കഴിഞ്ഞ ദിവസവും കോടതിയില്‍ പറഞ്ഞിരുന്നത്.
ധനേഷിനെ നാട്ടുകാര്‍ തന്നെയാണ് പിടികൂടിയത്. ആ സന്ദര്‍ഭത്തിലാണ് അയാള്‍ മാപ്പ് പറഞ്ഞതെന്നും കാന്‍സര്‍ ബാധിതയായ കുട്ടിയടക്കം രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞതായും യുവതി വെളിപ്പെടുത്തി.
മാല പൊട്ടിച്ചു കടന്നു കളഞ്ഞുവെന്ന ധാരണയിലാണ് നാട്ടുകാര്‍ പിടികൂടിയതെങ്കിലും പീഡന ശ്രമമാണെന്ന് യുവതി തുറന്നു പറയുകയായിരുന്നു.
ധനേഷ് മാത്യുവിന്റെ ഭാര്യയും അമ്മയും കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ അവരോട് നീതി കാണിച്ചത് എന്നാല്‍, ആ നീതി തനിക്കു ലഭിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി.
നാട്ടുകാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് താന്‍ തന്നെയാണ് പൊലീസിനെ മൊബൈലില്‍ വിളിച്ചതെന്നും യുവതി പറഞ്ഞു. താന്‍ ആദ്യമായാണ് ധനേഷിനെ കാണുന്നതെന്നും യുവതി പറഞ്ഞു.
ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ചതായി ദൃക്‌സാക്ഷി മൊഴിനല്‍കിയിരുന്നു. എംജി റോഡില്‍ ഹോട്ടല്‍ നടത്തുന്ന ഷാജിയാണ് സംഭവം നേരില്‍ കണ്ടത്.
ഹോട്ടലിലേക്ക് പച്ചക്കറി വാങ്ങാന്‍ പോകുന്ന വഴിയാണ് സംഭവം നേരില്‍ കണ്ടതെന്നും ഇത്തരമൊരു സംഭവം ധനേഷ് മാത്യു മാഞ്ഞൂരാന്‍ നിഷേധിച്ച സാഹചര്യത്തിലാണ് മൊഴി നല്‍കാന്‍ മുന്നോട്ടു വന്നതെന്നും ദൃക്‌സാക്ഷി ഷാജി പറഞ്ഞു.
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചുവെന്ന മൊഴിയില്‍ പരാതി നല്‍കിയ യുവതി ഉറച്ച് നില്‍ക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥ എറണാകുളം റൂറല്‍ വനിതാ സിഐ രാധാമണി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സാക്ഷികളുടെ അടക്കം മൊഴി രേഖപ്പെടുത്തി വരികയാണെന്നും രാധാമണി പറഞ്ഞു.
ധനേഷിന് എതിരായ വാര്‍ത്ത നല്‍കിയതാണ് അഭിഭാഷകരും മാധ്യമങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണമായിരുന്നത്.
കഴിഞ്ഞ 14ആം തീയതി രാത്രി ഏഴ് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി.