ധനുഷ് നിര്‍ണായക വേഷം ചെയ്യുന്ന ഹോളിവുഡ് ചിത്രം ‘ദി ഗ്രേ മാന്‍’ ചിത്രീകരണം പൂര്‍ത്തിയാക്കി. സിനിമയുടെ സംവിധായകരായ റൂസോ ബ്രദേഴ്സാണ് സിനിമ പൂര്‍ത്തിയായ വിശേഷം പങ്കുവച്ചത്. ചിത്രീകരണത്തിലെ അവസാന ദിവസത്തെ ലൊക്കേഷന്‍ വീഡിയോയും സംവിധായകരായ ജോ റൂസോ, ആന്റണി റൂസോ എന്നിവര്‍ പങ്കുവച്ചു.
ദി ഗ്രേ മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ ധനുഷ് യുഎസില്‍ നിന്നും ചെന്നൈയിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ധനുഷ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന അഭ്യൂഹങ്ങളും പിന്നാലെയുണ്ട്.
ധനുഷ് ഭാഗമാകുന്ന രണ്ടാമത്തെ വിദേശ ചിത്രമാണ് ദി ഗ്രേ മാന്‍. 2018ല്‍ കെന്‍ സ്കോട്ട് സംവിധാനം ചെയ്ത ‘എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് താരം അഭിനയിച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തരായ സംവിധായകരാണ് റൂസ്സോ ബ്രദേഴ്സ്.
മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ റയാന് ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.