ധനുഷും നാഷണല്‍ അവാര്‍ഡ് ജേതാവ് വെട്രിമാരനും ഒന്നിക്കുന്ന ചിത്രം വടാ ചെന്നൈ ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തുകയാണ്. വണ്ടര്‍ബാര്‍ ഫിലിംസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് വടാ ചെന്നൈ നിര്‍മ്മിക്കുന്നത്. 15 വര്‍ഷത്തെ തയ്യാറെടുപ്പുകളാണ് ഇന്ന് വടാ ചെന്നൈയില്‍ എത്തിനില്‍ക്കുന്നതെന്ന് ധനുഷ് പറഞ്ഞു. 2003ലാണ് വെട്രിമാരന്‍ പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ അന്ന് സിനിമയ്ക്കുള്ള ബജറ്റ് ലഭിച്ചിരുന്നില്ല. പിന്നീട് ഇപ്പോഴാണ് വടാ ചെന്നൈ സാക്ഷാത്ക്കരിക്കുന്നതെന്നും ധനുഷ് വ്യക്തമാക്കി.
വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണിത്. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.
വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍.