‘സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും, പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല’; അടൂറിനെതിരെ ധർമ്മജൻ

മോഹൻലാലിന് നല്ലവനായ റൗഡി ഇമേജെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ പ്രതികരണവുമായി നടൻ ധർമ്മജൻ. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളില്‍ അദ്ദേഹം സാധാരണക്കാരനായി അഭിനയിച്ചിട്ടുണ്ട്. അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ലെന്നും ധർമ്മജൻ കുറിക്കുന്നു.

അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ, സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനും വലിയ മനുഷ്യനുമാണെന്നും ധർമ്മജൻ പറയുന്നു.

ധർമ്മജന്റെ പോസ്റ്റ്

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്,
മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മോഹൻലാലിന് നല്ലവനായ റൗഡി ഇമേജെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. ഒരു റൗഡി എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് മനസിലാകുന്നില്ല. താൻ അത്തരം ഇമേജിൽ വിശ്വസിക്കുന്നില്ല. അതിനാലാണ് മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്നും അടൂർ പറഞ്ഞിരുന്നു.

Top