ധർമജൻ ബാലുശ്ശേരിക്കാരൻ അല്ലാത്തത് നന്നായി: രമേഷ് പിഷാരടി

ബാലുശ്ശേരി: ധര്‍മജന്‍ ബോള്‍ഗാട്ടി നാട്ടുകാരന്‍ അല്ലാത്തത് ബാലുശ്ശേരിക്കാര്‍ക്ക് ഗുണമാണെന്നും എംഎല്‍എ ആകുമ്പോള്‍ ബന്ധുക്കളെയും സ്വന്തക്കാരെയും ഇവിടെ പിന്‍വാതിലിലൂടെ നിയമിക്കുമെന്ന പേടി വേണ്ടതില്ലെന്നും നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു രമേഷ് പിഷാരടി.

നാട്ടുകാരന്‍ ആകുന്നതിലല്ല നല്ല മനുഷ്യനാകുന്നതിലാണ് കാര്യം. ബാലുശ്ശേരി മണ്ഡലം വലിയ രീതിയില്‍ ശ്രദ്ധാകേന്ദ്രമായതു ധര്‍മജന്റെ വരവോടെയാണ്. ധര്‍മജന്‍ ഒരുപാട് ആലോചിച്ചാണ് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്. മാറാന്‍ തയാറായില്ലെങ്കില്‍ ബാലുശ്ശേരിക്ക് പുരോഗതി ഉണ്ടാകില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

കണ്‍വന്‍ഷന്‍ എം.കെ.രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. ഗിരീഷ് മൊടക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫിന്റെ ഉരുക്കു കോട്ടയാണു ബാലുശ്ശേരിയെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്ന് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, കെപിസിസി സെക്രട്ടറി കെ.ബാലകൃഷ്ണന്‍ കിടാവ്, കെ.എം.ഉമ്മര്‍, കെ.രാമചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, നിജേഷ് അരവിന്ദ്, ഐ.പി.രാജേഷ്, നിസാര്‍ ചേലേരി, എം.ഋഷികേശന്‍, കെ.കെ.പരീദ്, എം.കെ.പരീദ്, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വന്‍ഷനു ശേഷം ടൗണില്‍ പ്രകടനം നടത്തി.

 

Top