സിനിമയല്ല രാഷ്ട്രീയമെന്ന് ഇപ്പോൾ ധർമ്മജൻ ബോൾഗാട്ടിക്കും മനസ്സിലായി

സിനിമയല്ല രാഷ്ട്രീയമെന്ന് ഇപ്പോൾ എന്തായാലും ധർമ്മജൻ ബോൾഗാട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ടാകും. ചുവപ്പ് കോട്ടയിൽ കോമഡി താരത്തെ രംഗത്തിറക്കിയാൽ അട്ടിമറി വിജയം നേടാൻ കഴിയുമെന്ന കോൺഗ്രസ്സിൻ്റെ കണക്കു കൂട്ടലുകൾ കൂടിയാണ് ബാലുശ്ശേരിയിൽ തകർന്നിരിക്കുന്നത്. 27 വയസ്സുകാരനായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിനു മുന്നിൽ സിനിമാ താരമെന്ന ധർമ്മജൻ്റെ ഇമേജാണ് പപ്പടം പൊടിയും പോലെ പൊടിഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് തന്നെ മത്സരിക്കാൻ കച്ചകെട്ടിയിറങ്ങിയ വ്യക്തിയാണ് ധർമജൻ ബോൾഗാട്ടി ബാലുശ്ശേരിയിലെ വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികളിൽ അദ്ദേഹം നിറ സാന്നിധ്യവുമായിരുന്നു.”ഈ തെരഞ്ഞെടുപ്പിൽ തനിക്ക് ചെയ്യാവുന്നതെല്ലാം  കോൺഗ്രസിനുവേണ്ടി ചെയ്യുമെന്നും ഇടതു സർക്കാർ ലോക തോൽവിയാണെന്നുമാണ് “മാധ്യമങ്ങളോടും ധർമജൻ തുറന്നടിച്ചിരുന്നത്. ആ ധർമ്മജനാണിപ്പോൾ ലോക തോൽവിയായി മാറിയിരിക്കുന്നത്.

ധർമ്മജനൊപ്പം സെൽഫിയെടുക്കാൻ തടിച്ചു കൂടിയ ജനക്കൂട്ടത്തെ കണ്ട് അതെല്ലാം വോട്ടായി മാറുമെന്ന കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ കണക്കു കൂട്ടലുകൾ കൂടിയാണ് ബാലുശ്ശേരി ജനത തെറ്റിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വിജയ സാധുതയുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ മുന്നിൽ തന്നെയാണ് ധർമ്മജനും ഇടംപിടിച്ചിരുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ. 9,745 വോട്ടിന് മുന്നിട്ട് നിൽക്കാൻ കഴിഞ്ഞത് യു.ഡി.എഫ് നേതാക്കളുടെ വിജയ പ്രതീക്ഷ വർദ്ധിപ്പിക്കാനും കാരണമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതുപക്ഷം നേടിയ തകർപ്പൻ വിജയം മറന്നായിരുന്നു യു.ഡി.എഫിൻ്റെ ഈ ആത്മവിശ്വാസമെന്നതും നാം ഓർക്കണം. ഇതിനു അവരെ പ്രേരിപ്പിച്ചതാകട്ടെ ധർമജൻ്റെ സ്ഥാനാർത്ഥിത്വം തന്നെയാണ്. അദ്ദേഹത്തിൻ്റെ പ്രചരണത്തിനായി രമേഷ് പിഷാരടിയെ പോലെയുള്ള നിരവധി സിനിമാ – സീരിയൽ താരങ്ങളും മണ്ഡലത്തിൽ രംഗത്തിറങ്ങുകയുണ്ടായി.

ധർമ്മജനേക്കാൾ അദ്ദേഹം ജയിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നതും സുഹൃത്തായ രമേഷ് പിഷാരടിയാണ്. അതു കൊണ്ട് തന്നെ ധർമ്മജനു ഇപ്പോൾ കിട്ടിയ തിരിച്ചടി രമേഷ് പിഷാരടിക്ക് ലഭിച്ച വമ്പൻ തിരിച്ചടികൂടിയാണ്. ധർമ്മജനൊപ്പം തലസ്ഥാനത്തേക്ക് വണ്ടി കയറാമെന്ന സ്വപ്നം പിഷാരടിക്കും ഇനി മാറ്റി വയ്ക്കാം. ഇരുവരും ഇനി ശ്രദ്ധിക്കേണ്ടത് പ്രകോപനപരമായ ധർമജൻ്റെയും പിഷാരടിയുടെയും പ്രസംഗങ്ങൾ തിരിച്ചടിക്കാതെ നോക്കണമെന്നതാണ്. ആളൊഴിഞ്ഞ വേദിയിലേക്ക് ഒരു ഖദർ ധാരിയും ഇനി വരികയില്ല.  പരാജയപ്പെട്ടവരുടെ ഒപ്പം നിന്ന ചരിത്രവും അവർക്കില്ല. നടൻമാർ എന്ന നിലയിൽ ധർമ്മജനും പിഷാരടിയും ആർജിച്ച പ്രേക്ഷക പിന്തുണ നഷ്ടപ്പെടാതെ നോക്കുകയാണ് ഇനി വേണ്ടത്. അതിനു അവർക്ക് കഴിയട്ടെ എന്നുമാത്രമാണ് ഞങ്ങൾക്കും ആശംസിക്കുവാനുള്ളത്.

ബാലുശ്ശേരിയിൽ സച്ചിൻ ദേവ് നേടിയിരിക്കുന്നത് ആധികാരിക വിജയം തന്നെയാണ്. 20223 വോട്ടുകൾക്കാണ് ഈ ഇടതുപക്ഷ സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടിയെ മലർത്തിയടിച്ചിരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ വിജയത്തിനു പിന്നിൽ വിദ്യാർത്ഥികളുടെ ഇടപെടലിനെയും ഈ സാഹചര്യത്തിൽ കുറച്ചു കാണാൻ കഴിയുകയില്ല. എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രവർത്തനം മണ്ഡലത്തിൽ ഏറെ സജീവമായിരുന്നു. ധർമ്മജൻ്റെ ‘സെൽഫി’ രാഷ്ട്രിയത്തെ പ്രതിരോധിക്കാൻ സി.പി.എം പ്രവർത്തകർക്കൊപ്പം എസ്.എഫ്.ഐ പ്രവർത്തകരും വലിയ ഇടപെടലുകളാണ് നടത്തിയിരുന്നത്. ഇതിൽ പെൺകുട്ടികളുടെ പ്രചരണം എടുത്ത് പറയേണ്ടതു തന്നെയാണ്.

സോഷ്യൽ മീഡിയകളിലും ഈ കരുത്ത് പ്രകടമായിരുന്നു. ഇവരുടെയെല്ലാം, പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ബാലുശ്ശേരി ജനത ഇപ്പോൾ സച്ചിൻ ദേവിന് നൽകിയിരിക്കുന്നത്. ഇതാടെ  പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഒരു എം.എൽ.എയെയാണ് ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാനും പ്രശ്ന പരിഹാരത്തിനായി വേഗത്തിൽ ഇടപെടാനും സച്ചിൻ ദേവിന് ഇനി കഴിയും. വലിയ ആവേശത്തോടെയാണ് എസ്.എഫ്.ഐ പ്രവർത്തകരിപ്പോൾ സച്ചിൻ്റെ വിജയവും ആഘോഷിച്ചു വരുന്നത്.

 

Top