കോണ്‍ഗ്രസ്സിനെ വിശ്വസിച്ച് … നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് തിരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ ഒടുവില്‍ ഇപ്പോള്‍ സിനിമ മേഖലയില്‍ നിന്നുകൂടി തിരിച്ചടി നേരിട്ടിരിക്കുകയാണ്. തന്നെ ഇപ്പോള്‍ ആരും അഭിനയിക്കാന്‍ വിളിക്കാറില്ലന്നാണ് ധര്‍മ്മജന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ നിന്നും മനഃപൂര്‍വം ഗ്യാപ്പ് എടുത്തതല്ലെന്നും തന്നെ ആരും അഭിനയിക്കാന്‍ വിളിക്കാത്തതാണെന്നും… നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറയുമ്പോള്‍ അത് ജനങ്ങള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി മത്സരിച്ചതു കൊണ്ടാണ് നിരന്തരം അവഗണിക്കപ്പെടുന്നതെന്ന വാദം ധര്‍മ്മജന്‍ ഉയര്‍ത്തിയിട്ടില്ലങ്കിലും പഴയ പോലെ ധര്‍മ്മജനെ അഭിനയിപ്പിച്ചാല്‍ അത് തിരിച്ചടിക്കുമോ എന്ന ഭയം സിനിമാ മേഖലയിലെ ചിലര്‍ക്കിടയില്‍ ഉണ്ട് എന്നതു ഒരു യാഥാര്‍ത്ഥ്യമാണ്.
ധര്‍മ്മജന്റെ അഭാവത്തില്‍ കോണ്‍ഗ്രസ്സ് വേദികളില്‍ മാര്‍ക്‌സിനെയും സി.പി.എമ്മിനെയും വിമര്‍ശിച്ച് നടക്കുന്ന അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് രമേഷ് പിഷാരടി പോലും ഇക്കാര്യത്തില്‍… ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നസെന്റുംമുകേഷും ജഗദീഷും ഉള്‍പ്പെടെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇറങ്ങിയ താരങ്ങള്‍ക്കു ലഭിക്കാത്ത അവഗണന സിനിമാ മേഖലയില്‍ ധര്‍മ്മജനു ലഭിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും… അത് പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. മലയാളത്തില്‍ സിനിമ നിര്‍മ്മിക്കുന്നവരില്‍ നല്ലൊരു വിഭാഗവും വലതുപക്ഷ കാഴ്ചപ്പാടുള്ളവരാണ് എന്നതില്‍ സംശയമില്ല. എന്നിട്ടും ധര്‍മ്മജന്‍ തഴയപ്പെടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പ്രത്യേക താല്‍പ്പര്യങ്ങള്‍ എന്തായാലും ഉണ്ടാകും. ധര്‍മ്മജന് അഭിനയിക്കാന്‍ കഴിയുമായിരുന്ന കോമഡി റോളുകളില്‍ മറ്റു പലര്‍ക്കുമാണ് സംവിധായകരും നിര്‍മ്മാതാക്കളും അവസരം നല്‍കിവരുന്നത്. ഇവരില്‍ നല്ലൊരു വിഭാഗവും ഇടതുപക്ഷ വിരോധികളാണ് എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.
അതായത് ബാലുശ്ശേരിയില്‍ മാത്രമല്ല സിനിമാ മേഖലയിലും യഥാര്‍ത്ഥത്തില്‍ ധര്‍മ്മജനെ ചതിച്ചിരിക്കുന്നത് ഖദര്‍ധാരികള്‍ തന്നെയാണ്. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ ഒരു കെ.പി.സി.സി സെക്രട്ടറി തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയതായും ഈ പണം നേതാക്കള്‍ വീതം വയ്പ്പ് നടത്തിയതായും ആരോപിച്ച് പരസ്യമായാണ് രംഗത്തുവന്നിരുന്നത്. തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചെന്നും തന്നെ തോല്‍പ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണെന്നുമുള്ള ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി. ഇതു സംബന്ധമായി അന്നത്തെ കെ.പി.സി.സി പ്രസിഡന്റിനും ധര്‍മ്മജന്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ പാര്‍ട്ടി… കോണ്‍ഗ്രസ്സ് ആയതിനാല്‍ ഈ പരാതിയും പതിവുപോലെ ചവറ്റു കൊട്ടയിലേക്കാണ് എറിയപ്പെട്ടത്. താന്‍ നല്‍കിയ പരാതിയില്‍ ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ലന്നു പിന്നീട്… ധര്‍മ്മജനു തന്നെ തുറന്നു പറയേണ്ടി വന്നതും കേരളം കേട്ടതാണ്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കതിരെ തട്ടിപ്പ് ആരോപണമുന്നയിച്ച ധര്‍മ്മജനു നേരെ അധികം താമസിയാതെ ചില തട്ടിപ്പ് കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതിനു പിന്നിലും ‘സ്വന്തം പാളയത്തിലെ ‘ ശുതുക്കളാണ് എന്നാണ് ധര്‍മ്മജന്റെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതെല്ലാം സംഭവിച്ചതോടെ സ്വന്തം തൊഴില്‍ ഇടത്തിലാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇപ്പോള്‍ ഒതുക്കപ്പെട്ടിരിക്കുന്നത്. ഈ നടന് സിനിമയില്‍ ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ ഇടതുപക്ഷ അനുകൂല ചലച്ചിത്ര പ്രവര്‍ത്തകര്‍ കനിയേണ്ട സാഹചര്യമാണുള്ളത്.
തികച്ചും ദരിദ്രമായ ഒരു പശ്ചാത്തലത്തില്‍ ജീവിച്ച ധര്‍മ്മജന്‍ എന്ന ഈ കുറിയ ചെറുപ്പക്കാരന് ആദ്യമായി സിനിമയില്‍ അവസരം നല്‍കി കൈപിടിച്ചുയര്‍ത്തിയിരുന്നത് നടന്‍ ദിലീപാണ്. പിന്നീട് കൈ നിറയെ സിനിമകളുമായി കുതിച്ചുയര്‍ന്ന ധര്‍മ്മജന്‍ ബാലുശ്ശേരിയില്‍ മത്സരിച്ചതോടെയാണ് താഴോട്ട് വീണിരുന്നത്. അതേസമയം ധര്‍മ്മജന്റെ ഈ വീഴ്ചയില്‍ നിന്നും മുതലെടുക്കാന്‍ നിലവില്‍ രംഗത്തിറങ്ങിയിരിക്കുന്നത് സുഹൃത്തായ രമേഷ് പിഷാരടി തന്നെയാണ്.
അടുത്ത ലോകസഭ തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു സീറ്റ് ലക്ഷ്യമിട്ടാണ് പിഷാരടി നീങ്ങുന്നത്. കോണ്‍ഗ്രസ്സ് വേദികളില്‍ സജീവമായി നേതാക്കളെയും അണികളെയും പ്രീതിപ്പെടുത്തുക എന്നതാണ് രമേഷ് പിഷാരടിയുടെ ഇപ്പോഴത്തെ അജണ്ട. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് വേദിയിലെ പ്രസംഗത്തോടെ പിഷാരടിക്കിപ്പോള്‍ കോണ്‍ഗ്രസ്സ് വേദികളില്‍ ഡിമാന്റും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ കയ്യടിക്കുന്ന കൈകള്‍ തന്നെ അവസരം ലഭിക്കുമ്പോള്‍ കാലുവാരുമെന്നത് തിരിച്ചറിയാതെയാണ് രാഷ്ട്രീയത്തിലെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പിഷാരടിയും യാത്ര തുടങ്ങിയിരിക്കുന്നത്. ഇത് എവിടെ ചെന്നെത്തി നില്‍ക്കുമെന്നതു കണ്ടു തന്നെ അറിയേണ്ട കാര്യമാണ്…