dheevara sabha against chemmen movie

അമ്പലപ്പുഴ: മലയാള സിനിമയിലെ ഏക്കാലത്തേയും മികച്ച ചിത്രം ചെമ്മീനിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അഖിലകേരള ധീവരസഭ. മത്സ്യത്തൊഴിലാളി സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ചിത്രമാണ് ചെമ്മീനെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി ദിനകരന്‍ പറഞ്ഞു.

ചെമ്മീന്‍ സിനിമയുടെ അന്‍പതാം വാര്‍ഷിക ആഘോഷം അനുവദിക്കില്ലെന്നും ആഘോഷങ്ങളില്‍ നിന്ന് സാംസ്‌കാരിക വകുപ്പ് പിന്മാറണമെന്നും വി ദിനകരന്‍ ആവശ്യപ്പെട്ടു.

സിനിമയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ വീട്ടിലെ കുട്ടികള്‍പോലും ഇന്ന് അപമാനിതരാകുന്നു. വള്ളം ചരിച്ചുവെച്ച് സിനിമയില്‍ കാണിക്കുന്ന പ്രണയരംഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിചാരിച്ചാല്‍ പോലും ആഘോഷപരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. തീരമേഖലയില്‍ വെച്ച് ആഘോഷപരിപാടി സംഘടിപ്പിക്കാനുള്ള തീരുമാനം ദൂരവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്ത് അതില്‍ നിന്നും പിന്തിരിയണമെന്നും ദിവകരന്‍ ആവശ്യപ്പെട്ടു.

ഏപ്രില്‍ മാസത്തില്‍ സിനിമ റിലീസ് ചെയ്തിട്ട് 50 വര്‍ഷം പൂര്‍ത്തിയാകും. ഈ സാഹചര്യത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിനിമയുമായി ബന്ധപ്പെട്ടവരാണ് അന്‍പതാം വാര്‍ഷികം ആഘോഷമാക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്.

ചെമ്മീന്‍ ചിത്രീകരിച്ച അമ്പലപുഴ പുറക്കാട് പ്രദേശത്ത് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. സിനിമയിലെ അണിയറ പ്രവര്‍ത്തകരേയും നടീ, നടന്മാരേയും ആദരിക്കാനും തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ദിനകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്

Top