ധോണിയുടെ റിവ്യൂ സിസ്റ്റം പിഴച്ചു; രക്ഷകനായെത്തിയത് വീഡിയോ

പൂനെ: വിക്കറ്റിന് പിന്നിലെ സൂക്ഷ്മതയില്‍ അഗ്രഗണ്യനാണ് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനുമായ എംഎസ് ധോണി. ഡിആര്‍എസ് അഥവാ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിന് ധോണി റിവ്യൂ സിസ്റ്റമെന്ന പേര് വന്നത് അങ്ങനെയാണ്. ഡിആര്‍എസിന്റെ കാര്യത്തില്‍ ധോണിയെ വെല്ലാന്‍ മറ്റ് നായകന്‍മാരില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ‘ധോണി റിവ്യൂ സിസ്റ്റം’ പിഴയ്ക്കുന്ന അപൂര്‍വ്വ നിമിഷങ്ങളുണ്ടായി. പേസര്‍ എന്‍ഗിഡിയുടെ 18-ാം ഓവറിലെ ആദ്യ പന്തില്‍ പഞ്ചാബ് നായകന്‍ അശ്വിന്റെ ബാറ്റിലുരസി എന്ന് തോന്നിച്ച പന്ത് വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലെത്തി. എന്‍ഗിഡി ശക്തമായി അപ്പീല്‍ നല്‍കിയെങ്കിലും അംപയര്‍ കൈയുയര്‍ത്തിയില്ല.

‘താന്‍ ബാറ്റിലുരസുന്ന ശബ്ദമൊന്നും കേട്ടില്ല’ എന്നായിരുന്നു എംഎസ് ധോണിയുടെ പ്രതികരണം. എന്നാല്‍ എന്‍ഗിഡി വിക്കറ്റാണെന്ന് വീണ്ടും തറപ്പിച്ച് പറഞ്ഞതോടെ ധോണി ഡിആര്‍എസ് ആവശ്യപ്പെട്ടു. ഫീല്‍ഡ് അംപയറുടെ തീരുമാനം പുനഃപരിശോധിച്ചപ്പോള്‍ പന്ത് അശ്വിന്റെ ബാറ്റിലുരസിയിരുന്നു എന്ന് വ്യക്തമായി. എന്‍ഗിഡി 10 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ചെന്നൈ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.

Top