മുംബൈ: മഹേന്ദ്ര സിങ് ധോണി ഇല്ലാത്ത ഇന്ത്യന്‍ ടീമിനെ കുറിച്ച് ചിന്തിക്കാനാകില്ലെന്നും ഇപ്പോഴത്തെ ഫോമില്‍ തുടര്‍ന്നാല്‍ ലോകകപ്പില്‍ ധോണി കളിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും ഇന്ത്യന്‍ പരിശീലകന് രവിശാസ്ത്രി.
നിലവിലുള്ള ഫോമും കായികക്ഷമതയുമാണ് ഒരു താരത്തെ അളക്കാനുള്ള രണ്ട് ഘടകങ്ങള്‍, ധോണി ഈ രണ്ട് കാര്യത്തിലും പൂര്‍ണനാണെന്നും, ഏകദിനങ്ങളില്‍ ഇന്ന് ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ധോണിയെന്നും രവിശാസ്ത്രി ചൂണ്ടിക്കാട്ടി.
ബാറ്റിംഗിലും ഒട്ടും പിന്നിലല്ലെന്ന് ശ്രീലങ്കന്‍ പരമ്പരയിലൂടെ ധോണി തെളിയിച്ചു കഴിഞ്ഞെന്നും, ശ്രീലങ്കയില്‍ കണ്ടത് വെറും ട്രെയിലര്‍ മാത്രമാണെന്നും, സിനിമ വരാനിരിക്കുന്നതെയുള്ളൂ എന്നും ഒരു അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.
ഗവാസ്ക്കറെയും കപില്‍ദേവിനെയും സച്ചിനെയും പോലെ ഇതിഹാസ താരമാണ് ധോണിയെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങളെ നാം ബഹുമാനിക്കാന്‍ പഠിക്കണമെന്നും പറഞ്ഞ ശാസ്ത്രി ധോണിയെ പോലൊരു ഇതിഹാസ താരത്തെ മറ്റെവിടെ കാണാനാണെന്നും ചോദിച്ചു.