ചെന്നൈ: ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായക പദവിയിലെത്തിയതോടു കൂടി ‘തല’യെന്നാണ് ധോണിയെ ആരാധകര്‍ വിളിക്കുന്നത്. അതുകൊണ്ടു തന്നെ തമിഴ്നാട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിതാ തമിഴ്‌നാടിന്റെ ‘ഇളയ ദളപതി’ വിജയുമായി ധോണി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കുകയാണ് ആരാധകര്‍. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലായിരുന്നു തലയും ഇളയ ദളപതിയും കണ്ടുമുട്ടിയത്.കൂടിക്കാഴ്ചയുടെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
നിരവധി ആരാധകരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം ലൈക്ക് ചെയ്യുകയും റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്. പുതിയ ചിത്രമായ ബീസ്റ്റിന്റെ ചിത്രീകരണത്തിനായാണ് വിജയ് സ്റ്റുഡിയോയിലെത്തിയിരുന്നത്. ധോണിയാവട്ടെ ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനും.
അതേസമയം യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ ബാക്കി മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കൂടിയാണ് ധോണി ചെന്നൈയിലെത്തിയത്.