മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലുമായ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ അതിനെപ്പറ്റി താരവും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ധോണി വിരമിക്കാതിരുന്നത് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സ്ഥാനത്ത് ഋഷഭ് പന്തിനെ വളര്‍ത്തിക്കൊണ്ടുവരുന്നതു വരെ ധോണിയോട് തുടരാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന.
ടീമില്‍ തന്റെ സ്ഥാനമെന്താണെന്ന് നന്നായി അറിയുന്നയാളാണ് ധോണി. ഒരു ടീം പ്ലെയറാണ് അദ്ദേഹം. വിരമിക്കലിനെ കുറിച്ച് തനിക്ക് ചുറ്റും നടക്കുന്ന ചര്‍ച്ചകളൊന്നും തന്നെ അദ്ദേഹത്തെ ബാധിക്കുന്നില്ല. അനാവശ്യ വിവാദങ്ങളോട് പ്രതികരിക്കുന്ന ആളുമല്ല ധോണി.
വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഋഷഭ് പന്തിനെ വളര്‍ത്തിയെടുക്കുന്ന ശ്രമത്തിലാണ് ടീം മാനേജ്മെന്റ്. ഇക്കാരണത്താല്‍ തന്നെ ഒരു മാര്‍ഗദര്‍ശിയെന്ന നിലയിലും ബാക്കപ്പ് എന്ന നിലയിലും ധോണിയുടെ സാന്നിധ്യം ടീമിന് ആവശ്യമാണ്.