ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനെന്ന നിലയില്‍ എം എസ് ധോണി ടീമിനെ മുന്നില്‍ നിന്ന് നയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ നാലാമതോ അഞ്ചാമതോ ഇറങ്ങണമെന്നും ഏഴാം സ്ഥാനത്തിറങ്ങി ധോണിക്ക് ടീമിനെ നയിക്കാനാവില്ലെന്നും ഗംഭീര്‍ തുറന്നടിച്ചു.
നായകന്‍ എപ്പോഴും മുന്നില്‍ നിന്ന് നയിക്കുന്നവനാകണം. ഏഴാം സ്ഥാനത്ത് ബാറ്റിനിറങ്ങി ടീമിനെ നയിക്കാന്‍ ധോണിക്ക് കഴിയില്ല. ഇക്കാര്യം പലതവണ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആഗ്രഹിക്കുന്ന പോലെ ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും പന്ത് പായിക്കാന്‍ കഴിയുന്ന പഴയ ധോണിയല്ല ഇപ്പോള്‍ അദ്ദേഹം.
അതുകൊണ്ടുതന്നെ അദ്ദേഹം ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണം. എന്റെ അഭിപ്രായത്തില്‍ അദ്ദേഹം നാലാമതോ അഞ്ചാമതോ ഇറങ്ങണം. അതില്‍ താഴേക്ക് പോകരുത്. ചെന്നൈയുടെ ബൗളിംഗ് നിരയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ടോക്ക് ഷോയില്‍ പറഞ്ഞു.
ഐപിഎല്ലിലെ ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ ധോണി രണ്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെ പുറത്തായിരുന്നു. 190 റണ്‍സിനടുത്ത് സ്‌കോര്‍ ചെയ്തിട്ടും ചെന്നൈക്ക് ജയിക്കാനുമായില്ല. കഴിഞ്ഞ സീസണിലും ധോണിക്ക് കാര്യമായി തിളങ്ങാനായിരുന്നില്ല. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.