പൂന:ഋഷഭ് പന്തിന്റെ പോരാട്ടത്തിനും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ രക്ഷിക്കാനായില്ല. അവസാന ഓവര്‍വരെ പൊരുതിയ ഡല്‍ഹി 13 റണ്‍സിന് ചെന്നൈയോടു പരാജയപ്പെട്ടു. ചൈന്നൈ സൂപ്പര്‍ കിംഗ്‌സ് കുറിച്ച 211 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 45 പന്തില്‍ നാല് സിക്‌സും ഏഴു ഫോറുമായി 79 റണ്‍സെടുത്ത പന്ത് ചെന്നൈയെ ചെറുതല്ലാതെ വിറപ്പിച്ചാണ് കീഴടങ്ങിയത്. 17.4 ഓവറില്‍ പന്ത് വീണപ്പോഴായിരുന്നു ചെന്നൈ ശ്വാസം വിട്ടത്.
എന്നാല്‍ പന്തിനു പിന്നാലെ അതുവരെ സൗമ്യനായിരുന്ന വിജയ് ശങ്കര്‍ പൊട്ടിത്തെറിച്ചതോടെ ചെന്നൈ പരാജയം മണത്തു. 31 പന്തില്‍ അഞ്ചു സിക്‌സും ഒരു ഫോറും പറത്തിയ ശങ്കര്‍ 54 റണ്‍സെടുത്തു. അവസാന ഓവറില്‍ ലുങ്കി എന്‍ഗിഡി രാജ്യാന്തര പരിചയത്തിനു മുന്നില്‍ ശങ്കര്‍ പതറി. ഇതോടെ വിജയം ചെന്നൈ വഴിക്കായി.
നേരത്തെ വാട്‌സണ്‍ (78), ഡുപ്ലസി (33), അമ്പാട്ടി റായിഡു (41), ധോണി (പുറത്താകാതെ 51) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ചെന്നൈയ്ക്കു കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. ഓപ്പണര്‍മാരായ വാട്‌സണും ഡുപ്ലസിയും ആദ്യ വിക്കറ്റില്‍ 102 റണ്‍സാണ് അടിച്ചുകൂട്ടിയത്. പന്നീട് അമ്പാട്ടി റായിഡുവും ധോണിയും ക്രീസില്‍ നടത്തിയ താണ്ഡവം സ്‌കോര്‍ റോക്കറ്റു വേഗത്തില്‍ കുതിച്ചു. ധോണിയായിരുന്നു അപകടകാരി 22 പന്തില്‍ ധോണി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.