അമ്പയര്‍മാര്‍ക്കെതിരെ വിമര്‍ശനം ശക്തമാവുന്നു; ധോണി പുറത്തായത് നോബോളില്‍

ന്നലെ ന്യൂസിലണ്ടും ഇന്ത്യയും തമ്മില്‍ നടന്ന ലോകകപ്പ് സെമി മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടപ്പോഴും ജഡേജയുടേയും, ധോണിയുടേയും മികച്ച പ്രകടനങ്ങളായിരുന്നു ഇന്ത്യയെ കുറച്ചെങ്കിലും മുന്നേറാന്‍ സഹായിച്ചത്. വിജയത്തിന് അടുത്ത് വരെയെത്തിച്ചത്. മത്സരത്തിന്റെ നാല്‍പ്പത്തിയൊന്‍പതാം ഓവറില്‍ ധോണി റണ്ണൗട്ടായിരുന്നില്ലെങ്കില്‍ കളിയുടെ ഗതി മാറിയേനേയെന്നാണ് ഇപ്പോളും ആരാധകര്‍ വിശ്വസിക്കുന്നത്.

50 റണ്‍സെടുത്ത ധോണി മാര്‍ട്ടിന്‍ ഗപ്തിലിന്റെ നേരിട്ടുള്ള ത്രോയിലായിരുന്നു റണ്ണൗട്ടായത്. എന്നാല്‍ ധോണി പുറത്തായ പന്ത് നോബോളായിരുന്നെന്ന് മത്സരത്തിന് ശേഷം തെളിഞ്ഞിരിക്കുന്നു. ധോണി റണ്ണൗട്ടായ പന്ത് എറിയുന്ന സമയത്ത് 6 ന്യൂസിലന്‍ഡ് ഫീല്‍ഡര്‍മാര്‍ 30 വാര സര്‍ക്കിളിന് പുറത്തായിരുന്നു. 5 പേര്‍ക്ക് മാത്രമേ ഈ സമയം സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്യാനാവൂ. മറിച്ച് കൂടുതല്‍ ഫീല്‍ഡര്‍മാര്‍ പുറത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ പന്ത് നോബോളാണ്.

കളി നിയന്ത്രിച്ച അമ്പെയര്‍മാര്‍ക്ക് ഈ നോബോള്‍ കണ്ടെത്താനായില്ല. അത് നോബോള്‍ വിളിച്ചിരുന്നെങ്കില്‍ റണ്ണൗട്ടായ പന്തില്‍ ധോണി റിസ്‌കെടുക്കില്ലായിരുന്നെന്നും മത്സരഗതി മാറിയേനേയെന്നും ആരാധകര്‍ പറയുന്നു. അമ്പെയര്‍മാരുടെ ഭാഗത്ത് നിന്നുമുണ്ടായ ഈ പിഴവിനെ ശക്തമായ ഭാഷയിലാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

Top