ആദിത്യ വര്‍മയിലൂടെ സിനിമയിലേക്ക് കടന്നുവന്ന ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ പുത്തന്‍ ചിത്രം സംവിധാനം ചെയ്യുന്നത് മാരി സെല്‍വരാജാണ്. പരിയേറും പെരുമാള്‍, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് വ്യക്തമായ സ്ഥാനം കണ്ടെത്താന്‍ മാരി സെല്‍വരാജിന് സാധിച്ചിട്ടുണ്ട്.
കായിക പശ്ചാത്തലത്തിലാണ് ധ്രുവ്- മാരി സെല്‍വരാജ് ചിത്രം ഒരുങ്ങുന്നത്. തമിഴ്നാട്ടിലെ കബഡി താരങ്ങളുടെ യഥാര്‍ഥ ജീവിതസംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ചിത്രത്തിനായി ധ്രുവ് വമ്പന്‍ തയ്യാറെടുപ്പിലാണെന്നാണ് പുതിയതായി വരുന്ന വാര്‍ത്തകള്‍. പ്രൊഫഷണല്‍ കബഡി താരങ്ങളാണ് ധ്രുവിനെ പരിശീലിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി നടന്‍ ദിവസേന ചെന്നൈയില്‍ പരിശീലന ക്ലാസിലെത്തി കബഡി അഭ്യസിക്കുന്നുണ്ട്. ഒരു കബഡി താരത്തിനായി ശാരീരികമായും താരം തയ്യാറെടുക്കുന്നുവെന്നും പറയുന്നു.
കബഡി പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ ഉടനെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിയേറും പെരുമാളിന് ശേഷം നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാ രഞ്ജിത്താണ് മാരി സെല്‍വരാജ് ചിത്രം നിര്‍മിക്കുന്നത്.
ചിയാന്‍ വിക്രമിനൊപ്പം മഹാന്‍ എന്ന സിനിമയിലും ധ്രുവ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ധ്രുവിന്റെ ഭാഗം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.