അഗര്‍ത്തല: ലോകസുന്ദരി ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. എന്നാല്‍ ഐശ്വര്യ റായി അങ്ങനെയല്ലെന്നും ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യയാണെന്നും ബിപ്ലബ് പറഞ്ഞു.
ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സവിശേഷതകളുണ്ടാകണം. എന്നാല്‍ ഡയാന ഹെയ്ഡന് അതില്ലെന്നും അദ്ദേഹം പറ#അഞു. പ്രാചീന ഇന്ത്യയില്‍ ഇന്റര്‍നെറ്റുണ്ടെന്ന് കണ്ടെത്തി വിവാദത്തില്‍ വീണ് പത്താം ദിവസമായിരുന്നു പുതിയ കണ്ടുപിടിത്തം.
സൗന്ദര്യമത്സരത്തില്‍ ഏത് ഇന്ത്യക്കാരി പങ്കെടുത്താലും കിരീടം ലഭിക്കും. ഡയാനക്കു പോലും അത് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഗര്‍ത്തലയില്‍ ഡിസൈന്‍ വര്‍ക് ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാമ് ബിപ്ലവിന്റെ ഈ വിവാദ പ്രസ്താവന.
അന്താരാഷ്ട്ര കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ ഇന്ത്യക്കാര്‍ ജേതാക്കളായതോടെയാണ് സ്ത്രീകള്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നമുക്ക് അഞ്ചു തവണ ലോക സുന്ദരിപ്പട്ടം ലഭിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചതോടെ നമുക്ക് ലോക സുന്ദരിപ്പട്ടം കിട്ടുന്നത് കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഏത് ഇന്ത്യക്കാരിയും ആ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യയാണ്. ഡയാനക്കു പോലും ലോകസുന്ദരിപ്പട്ടം കിട്ടി. ഞാനവരെ വിമര്‍ശിക്കുകയല്ലെന്നും അവരില്‍ എനിക്ക് ഇന്ത്യന്‍ സൗന്ദര്യം കാണാന്‍ കഴിയുന്നില്ലെന്നും ബിപ്ലബ് പറഞ്ഞു.
മഹാഭാരതകാലത്ത് ഇന്റര്‍നെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ബിപ്ലബ് ദേവ് പറഞ്ഞത്. യൂറോപ്പുകാരും അമേരിക്കക്കാരും ടെലിവിഷന്‍ അവരുടെ കണ്ടെത്തലാണെന്ന് അവകാശപ്പെടുമെങ്കിലും യഥാര്‍ഥത്തില്‍ അത് ഇന്ത്യയുടെ സാങ്കേതിക വിദ്യയാണെന്നും മഹാഭാരത യുദ്ധകാലത്തു കൊട്ടാരത്തില്‍ ഇരുന്ന അന്ധനായ ധൃതരാഷ്ട്രര്‍ക്കു സഞ്ജയന്‍ യുദ്ധവിവരങ്ങള്‍ വിവരിച്ചു കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.