ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിനു മുന്‍പു ധനമന്ത്രിയെ വിവരം അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന്, ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്നു ധനമന്ത്രാലയത്തിന്റെ മറുപടി.
വിവരാവകാശ നിയമപ്രകാരം ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്നായിരുന്നു ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐക്കു ധനമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച മറുപടി.
നേരത്തേയും, ധനമന്ത്രിയെയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെയും ഇക്കാര്യം അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന്, വിവരാകാശനിയമത്തിനു കീഴില്‍ വരുന്നതല്ല നടപടിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാടായിരുന്നു.
അതേസമയം, രാജ്യത്തിന്റെ അഖണ്ഡതയേയോ സുരക്ഷയേയോ ശാസ്ത്ര, സാമ്പത്തിക താല്‍പ്പര്യങ്ങളെയോ ബാധിക്കുന്നതോ തന്ത്രപ്രധാനസംഗതികളെപ്പറ്റിയുള്ളതോ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നതോ കുറ്റകൃത്യത്തിലേക്കു നയിക്കുന്നതോ ആയ വിവരങ്ങള്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാതിരിക്കാനാകൂ. എന്നാല്‍ ഇതില്‍ ഏതു വിഭാഗത്തിലാണ് ഈ ചോദ്യം വരികയെന്നതിന് ഉത്തരം നല്‍കാനും ധനമന്ത്രാലയം തയാറായിട്ടില്ല.
ഇതോടെ, നോട്ട് അസാധുവാക്കല്‍ നടപടിക്കു പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നു പ്രധാനപ്പെട്ട വിഭാഗങ്ങളും പ്രധാനമന്ത്രിയുടെ ഓഫിസ്, ആര്‍ബിഐ, ധനമന്ത്രാലയം എന്നിവ എന്തുകൊണ്ട് അടിയന്തരമായി ഇത്തരമൊരു നീക്കം നടത്തിയെന്നു വെളിപ്പെടുത്താന്‍ വിസമ്മതിക്കുകയാണ്.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് 1000, 500 രൂപാ നോട്ടുകള്‍ ഇന്ത്യ അസാധുവാക്കിയത്. രാത്രി എട്ടിന് ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.