മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതാവസ്ഥയിലാക്കിയ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മുന്‍ കേന്ദ്രമന്ത്രിയും, നാല് തവണ ലോക്‌സഭാ എംപിയുമായ സിന്ധ്യ രാജിവെയ്ക്കുമെന്ന് പാര്‍ട്ടിയില്‍ ആരും തന്നെ പ്രതീക്ഷിച്ചില്ലെന്ന് സിംഗ് വ്യക്തമാക്കി.
‘സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല, അതൊരു തെറ്റായിരുന്നു’, ദിഗ്‌വിജയ് സിംഗ് പറഞ്ഞു. മധ്യപ്രദേശില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ ഉപമുഖ്യമന്ത്രി പദമാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചതെന്ന് സിംഗ് പറയുന്നു. എന്നാല്‍ തന്റെ നോമിനിക്ക് ഈ സ്ഥാനം നല്‍കാന്‍ സിന്ധ്യ ആവശ്യപ്പെട്ടു. അനുയായികളെ നിയോഗിക്കാന്‍ കമല്‍നാഥ് തയ്യാറായില്ല, ദിഗ്‌വിജയ് സിംഗ് വ്യക്തമാക്കി.
രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് നോമിനിയായി സിന്ധ്യയെ നിര്‍ദ്ദേശിക്കുമായിരുന്നുവെന്നും സിംഗ് അവകാശപ്പെട്ടു. എന്നാല്‍ മോദിഷാ ടീമിന് മാത്രമാണ് അമിത ആവേശമുള്ള നേതാവിന് ക്യാബിനറ്റ് പദവി നല്‍കാന്‍ സാധിക്കൂവെന്നും അദ്ദേഹം വിമര്‍ശിച്ചു. മധ്യപ്രദേശില്‍ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റില്‍ ഉറപ്പായ സീറ്റ് ഉറപ്പിച്ചുവെച്ച ദിഗ്‌വിജയ് സിംഗാണ് സിന്ധ്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന വൈരുദ്ധ്യവും ഇതിലുണ്ട്.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശിവരാജ് സിംഗ് ചൗഹാന്‍ പരാജയപ്പെട്ടതോടെയാണ് ബിജെപി സിന്ധ്യയെ ചാക്കിട്ടതെന്ന് സിംഗ് ആരോപിച്ചു. എംഎല്‍എമാര്‍ക്ക് വന്‍തോതില്‍ പണം നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. മധ്യപ്രദേശിലെ 22 വിമത എംഎല്‍എമാരില്‍ 13 പേര്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കില്ലെന്ന് ഉറപ്പ് നല്‍കിയെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു.