അസംബ്ലിയില്‍ പങ്കെടുത്തില്ല ; നൂറോളം വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി ആരോപണം

ഡല്‍ഹി : അസംബ്ലിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് നൂറോളം വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി ആരോപണം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിനെതിരെയാണ് ആരോപണം. മാതാപിതാക്കളുമായി വന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ ഡിബാര്‍ ചെയ്യുമെന്നും കോളജ് ഭീഷണിപ്പെടുത്തിയാതായി അധ്യാപകര്‍ പറഞ്ഞു.

സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. രക്ഷിതാക്കള്‍ക്കൊപ്പം വന്നില്ലെങ്കില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെടുമെന്ന് ഫെബ്രുവരി 17ന് വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രിന്‍സിപ്പല്‍ ജോണ്‍ വര്‍ഗീസിന് കത്ത് നല്‍കിയിട്ടുണ്ട്.

അസംബ്ലിയിലെ ഹാജര്‍നില കുറവായതിനാല്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പ്രവേശിപ്പിക്കാറില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുന്നു. പല അധ്യാപകരും തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും അദ്ധ്യാപകരില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

Top