തിരുവനന്തപുരം: ഡിസംബര്‍ മാസം പകുതി പിന്നിട്ടിട്ടും ശമ്പളം വിതരണം ചെയ്യാത്തതില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. നാളെ മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിഎംഎസും, തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷികരിക്കുമെന്ന് ടിഡിഎഫും അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് സമാനമായി ശമ്പളം പരിഷ്‌കരിച്ചെന്ന പ്രഖ്യാപനം വന്നിട്ടും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതത്തിന് അറുതിയില്ലെന്നതാണ് അവസ്ഥ. നവംബര്‍ മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്തില്ല. പ്രതിമാസം 80 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് ശമ്പളവിതരണത്തിനായി വേണ്ടത്. ബാങ്ക് കണ്‍സോര്‍ഷ്യത്തിനുള്ള തിരിച്ചടവ് കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്നു. ഇതിലേക്കുള്ള 30 കോടി കെഎസ്ആര്‍ടിസുടെ അക്കൗണ്ടിലുണ്ടായിരുന്നു. എന്നാല്‍ വരുമാനം മെച്ചപ്പെട്ട സാഹചര്യത്തില്‍ ബാങ്ക് കണ്‍സോര്‍ഷ്യം ഈ തുക നവംബര്‍ അവസാനം പിടിച്ചു.
സര്‍ക്കാരില്‍ നിന്നുള്ള സഹായം നീളുന്ന സാഹചര്യത്തിലാണ് പ്രതിസന്ധി രൂക്ഷമായത്. ശമ്പളം ലഭിക്കുന്നതുവരെ കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളിലും, ചീഫ് ഓഫീസിന് മുന്നിലും പ്രതിഷേധം നടത്തുമെന്ന് കെ എസ് ടി എംപ്‌ളോയീസ് സംഘ് അറിയിച്ചു. തിങ്കളാഴ്ചക്ക് മുമ്പ് ശമ്പള വിതരണം നടത്തിയില്ലെങ്കില്‍, ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് വ്യക്തമാക്കി.