ഡൽഹി:കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും,കർഷകർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയിരുന്നു കർഷകർ 75 ദിവസത്തിനു ശേഷം വീണ്ടും തിരിച്ചെത്തി.
ഏപ്രിൽ 23 ന് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ വാക്കിൽ വിശ്വസിച്ചു ഞങ്ങൾ ജന്തർ മന്തറിലെ പ്രക്ഷോഭം അവസാനിപ്പിച്ചു.രണ്ട് മാസത്തിനുള്ളിൽ കേന്ദ്രസർക്കാർ സഹായിക്കുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇതുവരെ യാതൊരുവിധ നടപടികളും എടുത്തിട്ടില്ല. പോരാടാൻ വേണ്ടിയാണ് തിരികെയെത്തിയതെന്നു കർഷകർ പറയുന്നു.
102 കർഷകരുടെ സംഘമാണ് ഇപ്പോൾ പ്രതിഷേധിക്കാനായി വന്നിരിക്കുന്നത്. തമിഴ്നാട് സ്വദേശി പി. അയ്യക്കനു നേതൃത്വം നൽകിയ സമരക്കാർ ലോക് കല്യാൺ മെട്രോ സ്റ്റേഷനിലെ സമീപം അനുമതിയില്ലാതെ പ്രതിഷേധപ്രകടനം നടത്തിയത് പോലീസ് തടഞ്ഞു. ഞായറാഴ്ച രാവിലെയാണ് കർഷകർ ഡൽഹിയിൽ തിരിച്ചെത്തിയത്.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകാൻ ശ്രമിച്ച കർഷകരെ പാർലമെൻറ് സ്ട്രീറ്റ് പോലീസ് തടഞ്ഞു.പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് കർഷകർ ഇപ്പോൾ ഉള്ളത്.
ഞങ്ങൾക്ക് ഇതിനെക്കുറിച്ച് പറയാൻ കഴിയില്ല എന്നും, അവരോട് ചർച്ചചെയ്ത് തീരുമാനിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ബി.കെ. സിംഗ് പറഞ്ഞു.
അതെ സമയം പുറത്തേക്ക് പോകാൻ അനുവദിക്കാത്ത പോലീസ് വെള്ളമോ ,ഭക്ഷണമോ തന്നില്ലെന്നും,പ്രായമുള്ള കർഷകർ അവശനിലയിലാണെന്നും കർഷകർ ആരോപിച്ചു.