117 പേർ അതിർത്തി കടന്നുവന്നത്, വൈറസ് പരത്തുന്നതിന് വേണ്ടിയോ ?

ത്ര പറഞ്ഞാലും എത്ര അനുഭവിച്ചാലും തിരുത്താത്ത ഒരു വിഭാഗമുണ്ട്. എല്ലാ നാട്ടിലും ഉണ്ടാകും, ഇത്തരം നിരവധി ജന്മങ്ങള്‍. അത്തരത്തില്‍പ്പെട്ടവരാണ് തമിഴകത്ത് നിന്നും വന്ന 117 വിദ്യാര്‍ത്ഥികളും, പിന്നെ നമ്മുടെ വ്യാപാര പ്രമുഖരും.

നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യേണ്ട പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്തിരിക്കുന്നത്.

നാട് വൈറസിനെതിരെ പോരാടുമ്പോള്‍ വൈറസ് ഭീതി പടര്‍ത്തുന്നത് ഗുരുതരമായ കുറ്റമാണ്.ഇതിന് തക്ക ശിക്ഷ നല്‍കിയേ മതിയാകൂ.

തമിഴ്നാട്ടിലെ റെഡ് സോണ്‍ ജില്ലയായ തിരുവള്ളൂരില്‍ നിന്നു വന്ന 117 വിദ്യാര്‍ത്ഥികള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ക്വാറന്റീനില്‍ പോകാതെ മുങ്ങിയ ഇവരില്‍ പലരെയും പിന്നീട് തേടി പിടിക്കുകയാണുണ്ടായത്. അതും വളരെ താമസിച്ച് പോയിരുന്നു. പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് ഉണ്ട് എന്ന് വ്യക്തമായാല്‍ വലിയ ഭീഷണിയാണ് കേരളം നേരിടേണ്ടി വരിക.സമൂഹ വ്യാപന സാധ്യതയും തളളിക്കളയാന്‍ കഴിയുകയില്ല. തിരുവള്ളൂര്‍ ജില്ലയില്‍ 300 ന് അടുത്താണ് കോവിഡ് രോഗികള്‍ ഉള്ളത്.ഈ ഗൗരവം മനസ്സിലാക്കിയല്ല വിദ്യാര്‍ത്ഥികള്‍ ഇവിടെ പെരുമാറിയിരിക്കുന്നത്.

അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തും, ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

117 വിദ്യാര്‍ത്ഥികളോടും ക്വാറന്റീന്‍ നിര്‍ദ്ദേശിച്ചാണ് വിട്ടതെന്നാണ്, ദേശീയ ആരോഗ്യ മിഷന്‍ പാലക്കാട് പ്രോഗ്രാം മാനേജര്‍, ഡോ.രചന ചിദംബരം പറയുന്നത്. ഇവിടെ ആര്‍ക്കാണ് വീഴ്ച പറ്റിയതെന്നത് വ്യക്തമാണ്.

അനുസരണ ശീലമുള്ളവരോട് മാത്രമേ, കാര്യങ്ങള്‍ പറഞ്ഞിട്ട് കാര്യമൊള്ളൂ. തനിക്ക് കോവിഡെങ്കില്‍ മറ്റുള്ളവര്‍ക്കും പിടിക്കട്ടെ എന്ന് കരുതുന്നവരോട്, ഉപദേശിച്ചിട്ട് ഒരു കാര്യവുമില്ല. ബലം പ്രയോഗിച്ചാണ് ഇത്തരക്കാരെ ക്വാറന്റീനിലാക്കേണ്ടിയിരുന്നത്.

അതിര്‍ത്തിയില്‍ ഇപ്പോള്‍ നടക്കുന്ന പരിശോധനകളിലെ, പാളിച്ചകള്‍ തുറന്ന് കാട്ടുന്നത് കൂടിയാണ് ഈ സംഭവം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്.

ക്വാറന്റീന്‍ നിര്‍ദ്ദേശിച്ച് പറഞ്ഞ് വിടുന്ന ഏര്‍പ്പാട് തന്നെ നിര്‍ത്തണം. പൊലീസിന്റെ സഹായത്തോടെയാവണം ക്വാറന്റീന്‍ പൂര്‍ത്തീകരിക്കേണ്ടത്. ചാടിപ്പോകുന്നവരെ പിടികൂടാന്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ക്ക് കാവലും ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ പ്രത്യേക മോണിറ്ററിംഗ് തന്നെ സംസ്ഥാന സര്‍ക്കാര്‍ നടത്തണേണ്ടതുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിലെ വീഴ്ച, വലിയ അപകടമാണുണ്ടാക്കുക. പ്രവാസികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന പോലെ, ഇവരെയും കൈകാര്യം ചെയ്യാന്‍ പറ്റണം. അതല്ലങ്കില്‍ പ്രതിരോധക്കഥ കേരളത്തിലും പഴങ്കഥയായി ഉടന്‍ മാറും.

വലിയ ഭീതിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ജൂലൈ അവസാനത്തോടെ രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ കുത്തനെ ഉയരുമെന്നാണ്, ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്ത് രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക് പതിനൊന്ന് ദിവസമാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ മാത്രം 750ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളത്തിനാണ് ഏറെ ആശ്വാസം. ഇവിടെ വൈറസിനെ കാക്കിപ്പടയും ശരിക്കും പ്രതിരോധിക്കുന്നുണ്ട്. പുറത്ത് നിന്നുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ വ്യാപാര പ്രമുഖന്മാര്‍ കൂടിയാണ് കേരളത്തില്‍ പൊലീസിന്റെ ഉറക്കം കെടുത്തുന്നത്.

കോഴിക്കോട് ജില്ലയില്‍, ചെറുകിട തുണിക്കടകള്‍ക്ക് അടക്കം ജില്ലാ കളക്ടര്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും, ഏറെ ആളുകള്‍ എത്തിച്ചേരുന്ന മിഠായി തെരുവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അവിടെ അവശ്യ വസ്തുക്കളുടെ കടകള്‍ക്ക് മാത്രമായിരുന്നു അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ ഇവിടെ വിലക്ക് ലംഘിച്ച് വ്യാപാരി വ്യവസായി നേതാവ് നസറുദ്ദീന്റെ നേതൃത്വത്തില്‍ കടകള്‍ തുറക്കുകയാണുണ്ടായത്.പൊലീസ് ഇടപെട്ടാണ് പിന്നീട് കടകള്‍ അടപ്പിച്ചിരുന്നത്.നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ തകര്‍ക്കാനാണ് വ്യാപാരി നേതാക്കള്‍ ബോധപൂര്‍വ്വം ഇവിടെ ശ്രമിച്ചിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ക്കെതിരെ പൊതു സമൂഹവും ഇനി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരു ചെറിയ പിഴവ് പറ്റിയാല്‍ പോലും വലിയ വിലയാണ് നാടിന് നല്‍കേണ്ടി വരിക. ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.


Express View

Top