സി.പി.എമ്മില്‍ ഇത് സമ്മേളനകാലമാണ്. സാധാരണ ഗതിയില്‍ സി.പി.എം സമ്മേളനക്കാലം കുത്തക മാധ്യമങ്ങളെ സംബന്ധിച്ച് വാര്‍ത്തകളുടെ ‘ചാകര’ സൃഷ്ടിക്കുന്ന കാലമായാണ് മാറാറുള്ളത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. പാര്‍ട്ടിയില്‍ വിഭാഗീയതയുടെ ഒരു കണിക പോലും ചൂണ്ടിക്കാട്ടാന്‍ ഒരു മാധ്യമത്തിനും സാധ്യമല്ല. ഇക്കാര്യത്തില്‍ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഏറെ നിരാശരുമാണ്. ഏത് വിധേയനയെങ്കിലും വിഭാഗീയത സി.പി.എമ്മില്‍ ചിത്രീകരിക്കുവാന്‍ പറ്റുമോ എന്നതാണ് ഇപ്പോഴത്തെ അവരുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് മനോരമ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
കോടിയേരിയെയും പിണറായിയെയും മാത്രമല്ല യുവ നേതാക്കളായ ഷംസീറിനെയും മുഹമ്മദ് റിയാസിനെയും പോലും ചേരിതിരിച്ച് ഗ്രൂപ്പുകളുടെ ഭാഗമായി ചിത്രീകരിക്കാനാണ് ഈ മാധ്യമം ശ്രമിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായാണ് ഈ കരുനീക്കങ്ങളെല്ലാം എന്നതും ശ്രദ്ധേയമാണ്. ഷംസീറിന്റെ രക്ഷകര്‍തൃത്വം കോടിയേരിക്കും റിയാസിന്റേത് പിണറായിക്കുമാണ് മനോരമ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഒദ്യോഗിക പക്ഷത്തിന്റെ നാവായ ഷംസീറിനെ വിമതനായാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഇപ്പോള്‍ കാണുന്നതെന്നാണ് മനോരമയുടെ മറ്റൊരു കണ്ടെത്തല്‍. കോഴിക്കോട് ജില്ലയിലെ ഡി.വൈ.എഫ്.ഐ സംഘടനയുമായി ബന്ധപ്പെട്ട് റിയാസ് എടുത്ത ചില തീരുമാനങ്ങളാണ് ഷംസീറിന്റെ ഉടക്കിന് ആദ്യ കാരണമെന്നാണ് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നത്. ഷംസീറിനു മന്ത്രിസ്ഥാനം നിഷേധിക്കപ്പെടുക കൂടി ചെയ്തതോടെ ഈ അകല്‍ച്ച കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബിനീഷ് കോടിയേരി ജയിലിലാവുകയും കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നു മാറുകയും ചെയ്തതോടെ ഷംസീറിന് പഴയ ‘ഗ്രിപ്പ്’ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും അതാണ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ റിയാസിനെതിരെ തിരിയാനുള്ള പ്രകോപനത്തിന്റെ അടിസ്ഥാനകാരണമെന്നുമാണ് മനോരമ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല തുടര്‍ച്ചയായി രണ്ടു തവണ മാത്രമേ മത്സരിക്കാന്‍ പാര്‍ട്ടി അനുവദിക്കൂവെന്നതിനാല്‍ ഷംസീറിന് അടുത്ത തവണ നിയമസഭയിലെത്താകാനാകില്ലന്നും പാര്‍ട്ടിക്ക് ഭരണം ലഭിച്ചാലും മന്ത്രി സ്ഥാനം ലഭിക്കില്ലന്നുമുള്ള മറ്റൊരു വിലയിരുത്തലും മനോരമ നടത്തിയിട്ടുണ്ട്. തന്നെച്ചുറ്റി ഇത്രയധികം വിവാദങ്ങളുണ്ടായിട്ടും അതു നിഷേധിക്കാന്‍ ഷംസീര്‍ രംഗത്തിറങ്ങിയില്ലെന്നും പകരം വിവാദത്തിന് സോഷ്യല്‍ മീഡിയ വഴി എരിവും പുളിയും പകരുകയാണ് ചെയ്തതെന്നുമാണ് ലേഖകന്‍ പരിഭവപ്പെടുന്നത്. യുവ നേതാക്കള്‍ക്കിടയിലെ ഈ ചേരിതിരിവ് പാര്‍ട്ടി സമ്മേളനത്തില്‍ ബാധിക്കുമെന്ന ആശങ്ക പാര്‍ട്ടി നേതാക്കള്‍ക്കുണ്ടെന്ന് കൂടി പറഞ്ഞാണ് ഈ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ട് മനോരമ അവസാനിപ്പിച്ചിരിക്കുന്നത്. അതായത് മാനേജ്‌മെന്റിന്റെ ‘മോഹം’ കൂടി വ്യക്തമാക്കിയാണ് ലേഖകന്‍ വാര്‍ത്ത അവസാനിപ്പിച്ചതെന്നത് വ്യക്തം.
മനോരമയുടെ ഈ വാര്‍ത്തയെ നാം ശരിക്കും വിശകലനം ചെയ്യേണ്ടതുണ്ട്. മുഹമ്മദ് റിയാസിന്റെയും ഷംസീറിന്റെയും പാര്‍ട്ടിയിലെ നാള്‍വഴികള്‍ സൂചിപ്പിച്ച് ഭാഗത്തും വസ്തുതാപരമായ നിരവധി തെറ്റുകളുണ്ട്. ആദ്യം തിരിച്ചറിയേണ്ടത് ഒരു ഗോഡ് ഫാദര്‍മാരുടെയും പിന്തുണ ഇല്ലാതെയാണ് ഷംസീറും റിയാസും സംഘടനാ രംഗത്ത് കടന്നുവന്നത് എന്നതാണ്. മനോരമ പറയുന്നതു പോലെ ഒരു ‘ഗോഡ്ഫാദര്‍’ ഉണ്ടായിരുന്നെങ്കില്‍ യൂണിറ്റ് തലം മുതല്‍ അടിമേടിച്ച് ഇവര്‍ക്ക് തുടങ്ങേണ്ടി വരുമായിരുന്നില്ല. എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റിയില്‍ നിന്നും തുടങ്ങി സംസ്ഥാന നേതൃനിരയിലെത്തിയ വ്യക്തിയാണ് എ.എന്‍ ഷംസീര്‍. ഡി.വൈ.എഫ്.ഐയിലും അര്‍ഹതപ്പെട്ട അംഗീകാരമാണ് ഷംസീറിന് ലഭിച്ചിരുന്നത്. മുഹമ്മദ് റിയാസാകട്ടെ എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റിയില്‍ നിന്നുമാണ് പ്രവര്‍ത്തനം തുടങ്ങിയിരുന്നത് എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റു പദവിയിലും പ്രവര്‍ത്തിച്ചു. കോട്ടപ്പറമ്പ് യൂണിറ്റ് സെക്രട്ടറിയായാണ്. ഡി.വൈ.എഫ്.ഐയില്‍ റിയാസ് തുടങ്ങിയത്. ഗോഡ്ഫാദര്‍ ഉണ്ടായിരുന്നെങ്കില്‍ യൂണിറ്റ് സെക്രട്ടറിയില്‍ നിന്നും തുടങ്ങേണ്ട ഒരു ആവശ്യവും ഉണ്ടാകുമായിരുന്നില്ല.
നിലവില്‍ റിയാസും ഷംസീറും സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളാണ്. പാര്‍ലമെന്ററി രംഗത്തെ പദവിയേക്കാള്‍ ഇവര്‍ ഏറ്റവും വലിയ പ്രാധാന്യത്തോടെ കാണുന്നതും പാര്‍ട്ടിയിലെ ഈ പദവി തന്നെയാണ്. സി.പി.എമ്മിനെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയ ആര്‍ക്കും തന്നെ ഇക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാകുകയില്ല. ഷംസീറും റിയാസും തമ്മില്‍ ഡി.വൈ.എഫ്.ഐ കാലം മുതല്‍ ഉടക്ക് ഉണ്ടായതായ വിലയിരുത്തലും തെറ്റു തന്നെയാണ്. ‘പാര്‍ട്ടിയിലെ ഒരു വിഭാഗം’ പറയുന്നത് എന്ന പേരില്‍ ചിത്രീകരിക്കുന്നതെന്തും അതേപടി വിഴുങ്ങാന്‍ കഴിയുകയില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഓരോ വിഷയത്തിലും ഏത് നേതാക്കള്‍ക്കിടയിലും ഉണ്ടാകും. അത് ബന്ധപ്പെട്ട ഘടകത്തില്‍ ചര്‍ച്ച ചെയ്ത് ഭൂരിപക്ഷ തീരുമാനപ്രകാരം നടപ്പാക്കുമ്പോഴാണ് സംഘടനാ തീരുമാനമായി മാറുക. അത്തരം ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ പിന്നെ ഒരു നേതാവിനും മറിച്ചൊരു നിലപാട് സ്വകരിക്കാന്‍ കഴിയുകയുമില്ല. അങ്ങനെ സ്വീകരിച്ചാല്‍ അതാണ് സംഘടനാ വിരുദ്ധമാകുക.
കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ മാത്രമല്ല അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളും ആരംഭം മുതല്‍ പിന്തുടരുന്ന രീതിയാണിത്. ഷംസീറും റിയാസും തമ്മില്‍ മാത്രമല്ല സീതാറാം യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും തുടങ്ങി സകല നേതാക്കളും പാര്‍ട്ടിക്കകത്ത് തങ്ങളുടേതായ നിലപാട് അവതരിപ്പിക്കുന്നവരാണ്. അതുപോലെ തന്നെ വ്യത്യസ്ത അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം യുവ നേതാക്കളായ റിയാസിനും ഷംസീറിനും ഉണ്ട്. അത് പാര്‍ട്ടിയും സംഘടനയും അവര്‍ക്കും നല്‍കുന്ന അവകാശം കൂടിയാണ്. ഈ അവകാശത്തിനു മേല്‍ വിഭാഗീയത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല. മനോരമ ലേഖകന് പിഴച്ചിരിക്കുന്നതും ഇവിടെയാണ്. നിലവില്‍ സി.പി.എമ്മില്‍ ഒരു ഗ്രൂപ്പുമില്ല വിഭാഗീയതയുമില്ല.
രണ്ടു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൊണ്ട് ഇനി ‘ഒരവസരം’ ഷംസീറിന് ഇല്ലന്ന മനോരമയുടെ വിലയിരുത്തലും തെറ്റാണ്. സി.പി.എം തീരുമാനിച്ചാല്‍ ഇനിയും ഷംസീറിന് മത്സരിക്കാം. വേണ്ടിവന്നാല്‍ മന്ത്രിയും ആക്കാം. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചതു കൊണ്ടാണ് പ്രമുഖ നേതാക്കള്‍ക്ക് ഇത്തവണ മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. അടുത്ത ഊഴത്തില്‍ ഈ തീരുമാനം തനിക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായിയും വ്യക്തമാക്കിയിട്ടുണ്ട്. തല്‍ക്കാലം മാറി നില്‍ക്കേണ്ടി വന്നാലും പിന്നീട് വീണ്ടും അവസരം ഇപ്പോള്‍ രണ്ട് ടേം പൂര്‍ത്തിയായവര്‍ക്കും ഭാവിയില്‍ ലഭിക്കും. കെ.രാധാകൃഷന്‍ തന്നെ ഇതിനു വലിയ ഉദാഹരണമാണ്. പിണറായിക്കൊപ്പം നായനാര്‍ മന്ത്രിസഭയില്‍ അംഗമായ രാധാകൃഷ്ണന്‍ ഇപ്പോള്‍ പിണറായി നയിക്കുന്ന മന്ത്രിസഭയിലും അംഗമാണ്. മനോരമ മനസ്സിലാക്കേണ്ട കാര്യമാണിത്. ഓരോ കാലഘട്ടത്തിലും എടുക്കുന്ന തീരുമാനങ്ങളില്‍ എപ്പോള്‍ മാറ്റം വരുത്തണമെന്നത് തീരുമാനിക്കേണ്ടത് സി.പി.എമ്മാണ്. മാധ്യമങ്ങള്‍ അതോര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ടതില്ല.
എം.എല്‍.എ മാത്രമല്ല ഒരു പഞ്ചായത്ത് അംഗം പോലും ആകാത്ത എത്രയോ നേതാക്കളാല്‍ സമ്പന്നമായ പാര്‍ട്ടിയാണ് സി.പി.എം. വിദ്യാര്‍ത്ഥി – യുവജന സമരമുഖത്ത് തലതല്ലിപ്പൊളിക്കപ്പെട്ടവരും ഇപ്പോഴും അതിന്റെ കെടുതികളുമായി ജീവിക്കുന്നവരുമായ അനവധിപേര്‍ നിലവില്‍ സി.പി.എമ്മിലുണ്ട്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐ യുടെയും സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ മുന്‍ സംസ്ഥാന ഭാരവാഹികള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. ഇതും കുത്തക മാധ്യമങ്ങള്‍ കാണാതെ പോകരുത്. ഇവരാരും തന്നെ നാളെ എന്തെങ്കിലും ഒക്കെ ആകാം എന്നു കരുതി കൊടി പിടിച്ചു നടന്നവരല്ല. വിശ്വസിച്ച പ്രത്യായ ശാസ്ത്രത്തിനു വേണ്ടിയാണ് ഇവരെല്ലാം തന്നെ പോരാടിയിരിക്കുന്നത്.
പാര്‍ലമെന്ററി രംഗത്തെ പദവികള്‍ കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അത്ര പ്രാധാന്യമുള്ള ഒന്നല്ല അതിനുവേണ്ടി ജീവിക്കാനല്ല ചുവപ്പ് പ്രത്യായശാസ്ത്രവും അവരെ പഠിപ്പിച്ചിരിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് ഷംസീറും റിയാസും ചെങ്കൊടി പിടിച്ചിരിക്കുന്നത്. കണ്ണൂരിലെ സി.പി.എമ്മിന്റെ മുന്‍നിര പോരാളിയാണ് ഷംസീര്‍. ആര്‍.എസ്.എസ് ഭീഷണിക്കു മുന്നില്‍ തലകുനിക്കാത്ത വീര്യമാണത്. മുഖ്യമന്ത്രി ഉള്‍പ്പെടെ രണ്ടു മന്ത്രിമാര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഉണ്ടായതും എല്ലാ ഘടക കക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വന്നതുമാണ് ഷംസീറിനു മുന്നിലെ സാധ്യത ഇല്ലാതാക്കിയിരുന്നത്. അതല്ലാതെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ റിയാസല്ല വില്ലന്‍. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നതും ഷംസീറിനു തന്നെ ആയിരിക്കും.
മുഖ്യമന്ത്രിയുടെ മരുമകന്‍ ആയിരുന്നില്ലങ്കിലും മുഹമ്മദ് റിയാസ് ഇത്തവണ മന്ത്രിയാകുമായിരുന്നു. അദ്ദേഹം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായതും സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായതും പിണറായിയുടെ മരുമകന്‍ ആകുന്നതിനും എത്രയോ മുന്‍പാണ്. ഇത്തരം ഒരു പദവിയില്‍ ഉള്ള നേതാവിനെ അവഗണിക്കാന്‍ ഒരിക്കലും സി.പി.എമ്മിനും കഴിയുകയില്ല. കോഴിക്കോട് പോലുള്ള ഒരു പ്രധാനപ്പെട്ട ജില്ലയില്‍ നിന്നുള്ള എം.എല്‍.എ എന്നതും റിയാസിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം കിട്ടാത്തതില്‍ ഷംസീറിന് അതൃപ്തി എന്ന് പ്രചരിപ്പിക്കുന്നവര്‍ തൊട്ടടുത്ത ജില്ലയായ മലപ്പുറത്തേക്ക് കൂടി ഒന്നു നോക്കണം.
സി.ഐ.ടി.യു ദേശീയ സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ പി.നന്ദകുമാറിനെ മാറ്റി നിര്‍ത്തിയാണ് ഇടതു സ്വതന്ത്രന്‍ വി അബ്ദു റഹ്‌മാന് സി.പി.എം മന്ത്രി പദവി നല്‍കിയിരിക്കുന്നത്. ആരോടും പ്രത്യേകമായ ഒരു വിവേചനവും സി.പി.എം കാണിച്ചിട്ടില്ലന്നതിന് ഇതു തന്നെ പ്രധാന ഒരു ഉദാഹരണമാണ്. എല്ലാം വിഭാഗീയതയുടെ കണ്ണിലൂടെ കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് പാര്‍ട്ടി സമ്മേളനങ്ങളെ മാത്രമല്ല മന്ത്രി പദവികളെയും അതേരൂപത്തില്‍ മാത്രമേ കാണാന്‍ സാധിക്കുകയൊള്ളു. അതാണിപ്പോള്‍ കുത്തക മാധ്യമങ്ങളും നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. നാളെയും അവര്‍ അത് തുടരുക തന്നെ ചെയ്യും. അക്കാര്യവും ഉറപ്പാണ്.
EXPRESS KERALA VIEW