ജലന്ധര്‍ : കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഈ മാസം 19ന് എത്തണം എന്ന സമ്മന്‍സ് ഇത് വരെ ലഭിച്ചിട്ടില്ലെന്ന് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍.
ജലന്ധര്‍ ബിഷപ്പ് നിരപരാധിയാണ്. എന്നാല്‍ ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ പൊലീസുമായി സഹകരിക്കും. ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നും സുപ്രീംകോടതി വരെ പോകാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ മന്‍ദീപ് സിംഗ് പറഞ്ഞു.
ബിഷപ്പ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് നേരയുണ്ടായ സ്വഭാവഹത്യക്ക് ആര് ഉത്തരവാദിത്തം പറയുമെന്നും മന്‍ദീപ് സിംഗ് ചോദിച്ചു.
കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അയച്ച നോട്ടീസില്‍ പറയുന്നത്.
ജലന്ധര്‍ ബിഷപ്പിനെതിരായ ബലാല്‍സംഗക്കേസിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയെന്നാണ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്. സിബിഐ അന്വേഷണത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും അറസ്റ്റല്ല തെളിവുകളാണ് പ്രധാനമെന്നും കോടതി പറഞ്ഞിരുന്നു. ബിഷപ്പിനെതിരായ ബലാല്‍സംഗക്കേസിലെ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുളള ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയേറുകയാണ്. സമരം ആറാം ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ പിന്തുണയുമായി നിരവധി വനിതാ കൂട്ടായ്മകളാണ് സമരപ്പന്തലില്‍ എത്തിയത്.