Didn’t blame RSS as a body for Gandhi’s killing: Rahul Gandhi to SC

rahul-gandi

ന്യൂഡല്‍ഹി: ഗാന്ധിവധക്കേസില്‍ ആര്‍എസ്എസിനെ പഴി പറഞ്ഞ രാഹുല്‍ ഗാന്ധി ഒടുവില്‍ നിലപാടു മാറ്റി.

ആര്‍എസ്എസ് എന്ന സംഘടനയെ മുഴുവനായി വിമര്‍ശിച്ചിട്ടില്ലെന്നും ആര്‍എസ്എസുമായി ബന്ധമുള്ള ചിലരെയാണ് ഉദേശിച്ചതെന്നും രാഹുല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

ഈ വാദം കോടതി അംഗീകരിച്ചു. ഹര്‍ജി സെപ്റ്റംബര്‍ ഒന്നിനു വീണ്ടും പരിഗണിക്കും.

മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന രാഹുലിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

ഇതേത്തുടര്‍ന്നു ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസ് തള്ളിക്കളയണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ രാഹുലിന്റെ അഭിഭാഷകനായ കപില്‍ സിബില്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഭിവാന്‍ഡിയില്‍ 2014ല്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.

ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്തെയാണ് താനെ ജില്ലാ കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്.

ആര്‍എസ്എസുകാരാണ് ഗാന്ധിജിയെ വധിച്ചത്, അവര്‍ സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും എതിര്‍ത്തിരുന്നു എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ആര്‍എസ്എസിന്റെ യശസിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്ന് കുന്തെ ആരോപിച്ചിരുന്നു.

നേരത്തെ, കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിചാരണക്കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. പക്ഷേ, ആര്‍എസ്എസ് സംഘടനയെ താഴ്ത്തിക്കെട്ടുന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി സംസാരിച്ചതെന്നും ഇതു തെറ്റാണെന്നും സുപ്രീംകോടതി ജൂലൈ 19ന് നിരീക്ഷിച്ചിരുന്നു.

എന്നാല്‍ അഭിപ്രായ പ്രകടനത്തിനുള്ള അവകാശത്തിനുള്ളിലാണ് തന്റെ പ്രസംഗം വരുന്നതെന്നായിരുന്നു രാഹുലിന്റെ നിലപാട്.

Top