ഏറ്റുമാനൂര്‍: പട്ടിത്താനം – മണര്‍കാട് ബൈപാസില്‍ വാഹന ഇടപാടുകാരനെ കാറിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ ചുണ്ടകാട്ടില്‍ സതീശ് കുമാറിനെ (തമ്പി- 54) ആണ് ഞായറാഴ്ച പുലര്‍ച്ചെ 1.30നു കാറിനുള്ളില്‍ തോര്‍ത്ത് കഴുത്തില്‍ കെട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുരുക്ക് മുറുകിയതും വിഷം കഴിച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശാസ്ത്രീയ പരിശോധന ഫലം വന്നതിനു ശേഷമേ മറ്റ് അസ്വാഭാവികത ഉണ്ടോ എന്നറിയാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്
വിഷം കഴിച്ച ശേഷം കഴുത്തില്‍ തോര്‍ത്തുകൊണ്ടു കുരുക്കിട്ട് കാറിനുള്ളിലെ ഹാന്‍ഡില്‍ കെട്ടിയ ശേഷം സ്വമേധയാ സീറ്റ് ലിവര്‍ പുറകോട്ടു വലിച്ചാണു തൂങ്ങിയതാണെന്നാണു സംശയിക്കുന്നത്. ഞായറാഴ്ച രാത്രിയിലെ പൊലീസ് പട്രോളിങ് നടത്തിയിരുന്ന കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കാറിന്റെ മുന്‍വശത്തെ ഇടതുവശത്തെ ഡോര്‍ തുറന്നു കിടക്കുന്നതായി കണ്ടു.
പരിശോധനയില്‍ ഒരാള്‍ കാറിനുള്ളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് പട്രോളിങ് സംഘത്തെ വിളിച്ചുവരുത്തി. കെട്ടഴിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി എം. അനില്‍കുമാര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. രാവിലെ 10നു ശാസ്ത്രീയ പരിശോധന വിഭാഗവും, വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. കാറിനുള്ളില്‍ വിഷക്കുപ്പിയും ബാഗില്‍ നിന്നു വസ്ത്രങ്ങളും, വസ്തു ഇടപാടുകള്‍ സംബന്ധിച്ച രേഖകളും വാഹന വില്‍പന കരാറുകളും കണ്ടെത്തി.