ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷാലിമാര്‍ ഗഞ്ചില്‍ പബ് ഉടമ സ്വന്തം അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഷാലിമാറിലെ ഓണ്‍ ലോഞ്ച് പബ് ഉടമ നസീറാണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ കൈയ്യിലിരുന്ന തോക്കില്‍ നിന്ന് അബദ്ധ വശാല്‍ വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
സംഭവ സമയത്ത് പബിലുണ്ടായിരുന്നവര്‍ അബദ്ധവശാല്‍ വെടിയേറ്റതാണെന്നാണ് മൊഴി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് എടുത്തതായും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.
ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം സ്വയം വെടിയുതിര്‍ത്ത് മരിക്കുന്ന മൂന്നാമത്തെ ആളാണ് നസീര്‍. കഴിഞ്ഞ ദിവസങ്ങളില്‍ തോക്കുമായി നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയാണ് മറ്റ് രണ്ടു പേരും മരിച്ചത്.