കഷ്ടകാലം വന്നാല്‍ വീട്ടില്‍ നിന്നും കിട്ടും ‘റെഡ് കാര്‍ഡ്’; മറഡോണയെ കാമുകി പുറത്താക്കി

ബ്യൂനസ്അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. സ്വന്തമായി അധ്വാനിച്ച് നിര്‍മിച്ച വീട്ടില്‍ നിന്നു പോലും പുറത്താക്കപ്പെട്ടിരിക്കുകയാണ് താരം ഇപ്പോള്‍. സ്‌നേഹസമ്മാനമായി മറഡോണ ബ്യൂനസ് ഐറിസില്‍ വാങ്ങി നല്‍കിയ വീട്ടില്‍ നിന്നാണ് കാമുകി റോസിയോ ഒളിവ മറഡോണയെ പുറത്താക്കിയത്.

അര്‍ജന്റീന മാധ്യമപ്രവര്‍ത്തകനായ ലിയോ പെക്കോറാറോയോട് മറഡോണയുമായുള്ള ബന്ധം അവസാനിപ്പിച്ച കാര്യം ഒളിവ വെളിപ്പെടുത്തിയിരുന്നു. ദ് സണ്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്തു വിട്ടത്. ഒരാഴ്ച നീണ്ട നിരന്തര കലഹത്തെത്തുടര്‍ന്നാണ് തീരുമാനമെന്നും 28കാരി ഒളിവ പറഞ്ഞതായി ലിയോ പൊക്കോറാറോ പറഞ്ഞു.

മുന്‍ ഫുട്‌ബോള്‍ താരമായ ഒളിവ അര്‍ജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മറഡോണയെ കണ്ടുമുട്ടിയത്. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്‌നുമായുള്ള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മറഡോണ ഒളിവയുമായി അടുത്തത്. റഷ്യന്‍ ലോകകപ്പില്‍ തന്നോടൊപ്പമുണ്ടായിരുന്ന ഒളിവയ്ക്ക് മറഡോണ ഈയിടെ മോതിരം കൈമാറിയിരുന്നു. 58കാരനായ മറഡോണ ഇപ്പോള്‍ മെക്‌സിക്കന്‍ ക്ലബിന്റെ പരിശീലകനാണ്.

Top