ന്യൂഡല്‍ഹി: 2016-17 ല്‍ രാജ്യത്തെ ഡീസല്‍ കാറുകളുടെ വില്‍പ്പന 27 ശതമാനമായി കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു.
ഇന്ത്യയില്‍ വില്‍ക്കുന്ന നാലില്‍ മൂന്ന് ഫ്യൂവല്‍ കാറുകളും പെട്രോള്‍ ഉപയോഗിക്കുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
2012-13 ല്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന 47 ശതമാനമായിരുന്നു. അതിനുശേഷം രാജ്യത്ത് ഡീസല്‍ കാറുകളുടെ വില്‍പ്പന തുടര്‍ച്ചയായി കുറയുകയാണെന്ന് പാര്‍ലമെന്റ് മുമ്പാകെ അവതരിപ്പിച്ച രേഖ വ്യക്തമാക്കുന്നു.
ഘന-വ്യവസായ സഹമന്ത്രി ബാബുല്‍ സുപ്രിയോ ആണ് ലോക്‌സഭയില്‍ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധനമേര്‍പ്പെടുത്തിയതാകാം പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതിന് ഒരു കാരണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്‌സ് അറിയിച്ചതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
2012-13 ല്‍ ഇന്ത്യയില്‍ 47 ശതമാനം ഡീസല്‍ കാറുകളാണ് വിറ്റതെങ്കില്‍ 2013-14 ല്‍ 42 ശതമാനമായും 20141-5 ല്‍ 37 ശതമാനമായും 2015-16 ല്‍ 34 ശതമാനമായും കുറഞ്ഞു. ഏറ്റവുമൊടുവില്‍ 2016-17 ല്‍ ഇത് 27 ശതമാനത്തിലെത്തി.
അതേസമയം പെട്രോള്‍ കാറുകളുടെ വില്‍പ്പന തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. 2016-17 ല്‍ 73 ശതമാനം പെട്രോള്‍ കാറുകളാണ് വിറ്റത്. 2012-13 ല്‍ 53 ശതമാനവും 2013-14 ല്‍ 58 ശതമാനവും 2014-15 ല്‍ 63 ശതമാനവും 2015-16 ല്‍ 66 ശതമാനവുമായിരുന്നു ഡീസല്‍ കാറുകളുടെ വില്‍പ്പന കണക്ക്.