തിരുവനന്തപുരം: ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെതിരായ കേരളത്തിന്റെ നിലപാടിന് കേന്ദ്രസര്‍ക്കാര്‍ പിന്തുണ ഉറപ്പുനല്‍കി.
കേരളത്തിന്റെ നിലപാടിന് മേല്‍ക്കോടതികളില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായി സംസ്ഥാന ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
മൈസൂര്‍ വയനാട് രാത്രിയാത്ര നിരോധന വിഷയത്തില്‍ കേരളം പുതിയ നിലപാട് കോടതിയെ അറിയിക്കുമെന്നും എ കെ ശശീന്ദ്രന്‍ അറിയിച്ചു.
10 വര്‍ഷത്തിലേറെ പഴക്കമുള്ള 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നഗരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രായോഗികമല്ലെന്നായിരുന്നു കേരള സര്‍ക്കാരിന്റെ നിലപാട്.
എല്ലാ വശങ്ങളും ആലോചിച്ചശേഷം അപ്പീല്‍ നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഡീസല്‍ വാഹനനിയന്ത്രണം സംബന്ധിച്ച പ്രതിസന്ധി മറികടക്കുന്നതിനൊപ്പം പരിസ്ഥിതി പ്രശ്‌നവും പരിഗണിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിധി നടപ്പിലാക്കുക എന്നത് അസാധ്യമാണെന്ന് തച്ചങ്കരി നേരത്തേ മുഖ്യമന്ത്രിയെ അറിയിച്ചു.
പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് കേരളത്തിലെ സുപ്രധാന നഗരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു.
10 വര്‍ഷത്തിലധികം പഴക്കമുള്ള 2,000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരോധിച്ച ഉത്തരവാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്.
നേരത്തെ 2,000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹരിത ട്രിബ്യൂണല്‍ ഏര്‍പ്പെടുത്തിയ വിലക്കും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതോടെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.