കൊച്ചി: പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ഉത്തരവ് പൂര്‍ണമായി സ്റ്റേ ചെയ്തത്.
ഹരിതട്രൈബ്യൂണല്‍ ഉത്തരവിനെതിരെ കെഎസ്ആര്‍ടിസിയും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിക്കു മാത്രമേ അധികാരമുള്ളൂ എന്ന ലീഫ് സംഘടനയുടെ വാദവും ഹൈക്കോടതി തള്ളി.
നേരത്തെ, ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനു ഭാഗിക സ്റ്റേ ലഭിച്ചിരുന്നു. രണ്ടായിരം സിസിക്കു മുകളിലുള്ള വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ നല്കരുതെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ട്രൈബ്യൂണല്‍ വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ വ്യക്തമാക്കി.