കൊച്ചി: പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഉത്തരവിറക്കിയ ഹരിത ട്രൈബ്യൂണലിനെതിരെ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി രംഗത്ത്.
2000 സിസിക്ക് മുകളിലുളള പത്തുവര്‍ഷത്തിലേറെ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന കോടതി ഉത്തരവ് പെട്ടെന്ന് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ഗതാഗത വകുപ്പിന്റെ വാദം കേട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ വ്യക്തമായ പഠനം പോലും നടത്താതെയാണ് സര്‍ക്യൂട്ട് ബെഞ്ച് ആദ്യ സിറ്റിങ്ങില്‍ തന്നെ ഈ ഉത്തരവിറക്കിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ച് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ വിലക്കണം എന്നാവശ്യപ്പെട്ടുളള ഉത്തരവിറക്കിയത്. ഒരു മാസത്തെ കാലാവധിയാണ് സര്‍ക്കാരിന് ഇതിനായി അനുവദിച്ചതും. 2000 സിസിയില് കൂടുതലുളള പുതിയ ഡീസല്‍ വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.