മഹാരാഷ്ട്രയിൽ സിനിമ സ്റ്റൈൽ ബാങ്ക് കവർച്ച ; നിർമ്മിച്ചത് 25 അടി നീളമുള്ള തുരങ്കം

മുംബൈ: മഹാരാഷ്ട്രയിൽ നടന്ന ബാങ്ക് കവർച്ച തികച്ചും സിനിമ സ്റ്റൈലിലാണ്. ബാങ്ക് ഓഫ് ബറോഡയുടെ ജൂനഗർ ശാഖയാണ് ഇത്തരത്തിൽ കൊള്ളയടിയ്ക്കപ്പെട്ടത്.

ബാങ്ക് കൊള്ളയടിക്കുന്നതിനായി മോഷ്ടാക്കൾ നിർമ്മിച്ചത് 25 അടി നീളമുള്ള തുരങ്കമാണ്. ഒരു കോടി രൂപയും 30 ലോക്കറുകളും മോഷ്ടിക്കപ്പെട്ടു.

ബാങ്കിന്റെസ്റ്റോർ ലോക്കർ മുറിക്ക് സമീപമുള്ള ഒരു കടയിൽ നിന്നാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ബാങ്കിന്റെ പ്രധാന ലോക്കർ തുറക്കാൻ മോഷ്ടാക്കൾക്ക് കഴിഞ്ഞില്ല.

ദി ബാങ്ക് ജോബ് എന്ന ബ്രിട്ടീഷ്-ഹോളിവുഡ് ചിത്രത്തിലാണ് ഇത്തരത്തിലുള്ള ബാങ്ക് കവർച്ച ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ ഒരു കൃത്യം വിദഗ്ധ കുറ്റവാളികൾക്ക് മാത്രമേ നടത്താൻ സാധിയ്ക്കുവെന്ന് പൊലീസ് വ്യക്തമാക്കി.

2017 മെയ് മുതൽ മോഷ്ടാക്കൾ സമീപത്തുള്ള കട വാടകക്കായി എടുത്തിരുന്നു. അതിന് ശേഷമാണ് 25 അടി നീളമുള്ള ഭൂഗർഭ തുരങ്കം ബാങ്കിന്റെ ലോക്കർ മുറിയിലേക്ക് ഇവർ നിർമ്മിച്ചതെന്ന് നവി മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ത് നാഗ്രേല പറഞ്ഞു.

കവർച്ചക്കാർക്ക് 225 ലോക്കറുകളിൽ നിന്ന് 30 ലോക്കറുകൾ മാത്രമാണ് മോഷ്ടിക്കാൻ കഴിഞ്ഞത്. ബാങ്കിലെ ഒരു കസ്റ്റമർ ലോക്കർ തുറക്കുന്നതിനായി ബാങ്കിനെ സമീപിക്കുകയും, തുടർന്ന് ഉദ്യോഗസ്ഥൻ ലോക്കർ റൂമിൽ എത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടെത്തിയത്.

പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളെയും വിളിച്ചു വരുത്തി അവരുടെ നിക്ഷേപത്തിന്റെയും മറ്റും രേഖകൾ ബാങ്ക് അധികൃതർ പരിശോധിക്കാൻ തുടങ്ങി.

Top