സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തില്‍ പൊലീസ് അസോസിയേഷനും ‘കടക്ക് പുറത്ത് ‘.കേരള പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ കോഴിക്കോട്ടു നിന്നും പുകച്ച് പുറത്ത് ചാടിച്ച ഡി.ഐ.ജി കാളിരാജ് മഹേഷറിനെ സുപ്രധാന ചുമതലയില്‍ നിയോഗിച്ചിരിക്കുകയാണിപ്പോള്‍ പിണറായി സര്‍ക്കാര്‍.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും തെറിച്ച കാളിരാജിന് മധ്യമേഖല റെയ്ഞ്ച് ഡി.ഐ.ജിയായാണ് നിയമനം നല്‍കിയിരിക്കുന്നത്.
അതായത് എറണാകുളം റൂറല്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ അധികാര പരിധിയില്‍ വരുന്ന പോസ്റ്റാണിത്. ഡി.ഐ.ജി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച പോസ്റ്റാണിത്.
ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഒരു വിഭാഗം കാളിരാജിനെതിരെ നീങ്ങിയിരുന്നത്. ഇതു സംബന്ധമായി ഒരു പൊലീസുകാരന്‍ പരസ്യമായി കമീഷണര്‍ക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റും ഇടുകയുണ്ടായി.
സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കമ്മീഷണര്‍ പരാജയപ്പെട്ടു എന്നതായിരുന്നു പ്രധാന കുറ്റം. ലൈവായി സംഘര്‍ഷത്തെ നേരിടാന്‍ കമ്മീഷണര്‍ ഇറങ്ങിയത് മറച്ച് വച്ചായിരുന്നു ഈ പ്രതികരണം.ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 40 പൊലീസുകാരെ മിഠായിത്തെരുവില്‍ മാത്രം നിയോഗിക്കുകയും സംഘര്‍ഷമുണ്ടായപ്പോള്‍ കമ്മീഷണര്‍ തന്നെ നേരിട്ട് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരുന്നു. ഈ യാഥാര്‍ത്ഥ്യം മറച്ചു വച്ചാണ് കമ്മീഷണര്‍ക്കെതിരെ പൊലീസുകാരന്‍ ആരോപണമുന്നയിച്ചിരുന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ ഉണ്ടാകുമായിരുന്ന വലിയ ഏറ്റുമുട്ടല്‍ ഒഴിവാക്കിയത് തന്നെ കമ്മീഷണറുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു.
മിഠായിതെരുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി കാളിരാജിനെയാണ് വിമര്‍ശകര്‍ ലക്ഷ്യമിട്ടിരുന്നത്. ഒരു വിഭാഗം മാധ്യമങ്ങളും ഈ സംഭവംആഘോഷമാക്കി. വിവാദ പോസ്റ്റിട്ട പൊലീസുകാരനെതിരായ നടപടി തടയാനും ചില ശ്രമങ്ങളുണ്ടായി.എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമായി ഉറച്ച് നിന്നതോടെ പൊലീസുകാരനെ സസ്‌പെന്റ് ചെയ്യുകയുണ്ടായി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പിന്നീട് കാളിരാജിനെയും സര്‍ക്കാര്‍ നീക്കി. ചില മാധ്യമങ്ങള്‍ സംഘടിതമായി പൊലീസിലെ ഒരു വിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതാണ് സര്‍ക്കാറിന് തലവേദനയായിരുന്നത്.
കമ്മീഷണര്‍ സ്വന്തം സുരക്ഷക്ക് സ്‌ട്രൈക്കിങ് ഫോഴ്‌സിനെ കൊണ്ടു നടക്കുകയാണെന്ന പ്രചരണവും ഈ കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം പടച്ചു വിട്ടിരുന്നു. കമ്മീഷണറുടെ സുരക്ഷക്ക് വേണ്ടി മാത്രമല്ല, അടിയന്തര ഘട്ടങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ടതുകൂടിയാണ് ഈ ഫോഴ്‌സ്. പ്രളയകാലത്ത് പ്രശംസനീയമായ പ്രവര്‍ത്തനമാണ് സ്‌ട്രൈക്കിങ് ഫോഴ്‌സ് നടത്തിയിരുന്നത്.
കാളിരാജ് മഹേഷര്‍ വളരെ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനായതാണ് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് കണ്ണില്‍ പിടിക്കാതിരിക്കാന്‍ കാരണം. അസോസിയേഷന്‍ നേതാക്കള്‍ പൊലീസ് ഭരണത്തില്‍ ഇടപെടേണ്ടെന്ന കര്‍ക്കശ നിലപാടാണ് ഈ ഐ.പി.എസ് ഉദ്ദ്യോഗസ്ഥന്‍ സ്വീകരിച്ചിരുന്നത്.
കാളിരാജ് മഹേഷര്‍ എന്ന ഐ.പി.എസുകാരന്റെ പ്രവര്‍ത്തനമികവിനെ രാജ്യം തന്നെ പലവട്ടം ആദരിച്ചതാണ്. 2005 ബാച്ചിലെ ജമ്മു-കശ്മീര്‍ കേഡര്‍ ഐ.പി.എസുകാരനായ കാളിരാജ് എ.എസ്.പി ആയിരുന്ന ഘട്ടത്തില്‍ തന്നെ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനാണ്.
ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര ഗ്രൂപ്പുകളിലെ നിരവധി പേരെ നേരിട്ട് ഏറ്റുമുട്ടി ഇദ്ദേഹം കൊലപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ബുള്ളറ്റ് ഇഞ്ചുറിയുണ്ട് ഈ യുവ ഐ.പി.എസുകാരന്റെ ദേഹത്ത്. 2008ല്‍ ആയിരുന്നു ആദ്യമായി ശരീരത്തില്‍ വെടിയേറ്റത്. കാളിരാജ് മഹേഷറിന് പൊലീസിംഗ് അറിയില്ലെന്ന് പറയുന്നവന്‍ സ്വപ്നത്തില്‍ പോലും ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ടാകില്ല.
കാളിരാജിന്റെ പരുക്ക് സംബന്ധമായ തുടര്‍ ചികിത്സയെല്ലാം തമിഴ്‌നാട്ടിലായിരുന്നു. വന്‍ സുരക്ഷയാണ് തമിഴകത്ത് ഈ കാലയളവില്‍ അദ്ദേഹത്തിന് തമിഴക പൊലീസ് ഒരുക്കിയിരുന്നത്. നിരവധി പൊലീസ് മെഡലുകള്‍ തന്റെ ചുരുങ്ങിയ സര്‍വ്വീസ് കാലം കൊണ്ട് തന്നെ കാളിരാജ് സ്വന്തമാക്കിയിട്ടുണ്ട്.
ഭീകരരെ കൊന്ന് തള്ളിയ കാളിരാജ് മഹേഷറിനും കുടുംബത്തിനും വലിയ ഭീഷണി ഉയര്‍ന്ന ഘട്ടത്തിലാണ് ഈ ഐ.പി.എസുകാരന്റെ സുരക്ഷയെ കരുതി കേരളത്തിലേക്ക് കേന്ദ്രം ഇടപെട്ട് സ്ഥലം മാറ്റം നല്‍കിയിരുന്നത്.
പിന്നീട് കേരളത്തിലെത്തിയ കാളിരാജ് പോസ്റ്റിനും വേണ്ടി ആരുടെയും കാല് പിടിച്ചിരുന്നില്ല. ഡിപ്പാര്‍ട്ട്മെന്റ് താല്‍പ്പര്യമെടുത്താണ് കോഴിക്കോട് കമ്മീഷണറായി നിയമനം നല്‍കിയിരുന്നത്. കോഴിക്കോട്ട് കൈവിട്ടെങ്കിലും യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ഇപ്പോള്‍ വീണ്ടും കാളിരാജിന് കൈ കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍.ഇതോടൊപ്പം തന്നെ പൊലീസ് അസോസിയേഷന്‍ കഴിഞ്ഞകാലങ്ങളില്‍ ആഭ്യന്തര വകുപ്പില്‍ നടത്തി വന്ന ഇടപെടലുകള്‍ക്ക് മേലും റെഡ്‌സിഗ്നല്‍ വീണിട്ടുണ്ട്.
പൊലീസ് അസോസിയേഷന്‍ പൊലീസുകാരുടെ ക്ഷേമം നോക്കിയാല്‍ മാത്രം മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.കഴിഞ്ഞ കാലങ്ങളില്‍ ഐ.പി.എസുകാരുടെ നിയമനത്തില്‍ വരെ പൊലീസ് അസോസിയേഷനുകളാണ് ഇടപെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടന്ന ഉന്നതതല അഴിച്ചുപണിയില്‍ ഒരു തരത്തിലുള്ള ഇടപെടലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.
സ്ഥലമാറ്റം തന്നെ രാത്രി വളരെ വൈകിയാണ് പൊലീസ് ആസ്ഥാനം പോലും അറിഞ്ഞത്.. അതീവ രഹസ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യങ്ങള്‍ നീക്കിയത്. രാത്രി തന്നെ ഉത്തരവ് ഇറക്കുകയും ചെയ്തു.കാളിരാജ് മഹേഷറിനെ സംബന്ധിച്ച് ഈ നിയമനം മധുരമായ ഒരു പ്രതികാരം കൂടിയാണ്. കോഴിക്കോട്ട് നിന്നും അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിച്ചവര്‍ക്കുള്ള കനത്ത പ്രഹരം കൂടിയാണിത്.
Political Reporter