വിമാനത്താവളത്തിലെ പ്രവേശന പരിശോധനകള്‍ക്ക് ‘ഡിജി യാത്രാ’ സംവിധാനം വരുന്നു

ന്യൂഡല്‍ഹി: വിമാനയാത്രക്ക് ഇനിമുതല്‍ കൈനിറയെ രേഖകളുമായി കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ യാത്രക്കാരുടെ മുഖം അടയാളമായി പരിഗണിക്കുന്ന ‘ഡിജി യാത്ര’ പദ്ധതി കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് അവതരിപ്പിച്ചു. സെന്‍സറുകള്‍ വഴി മുഖം പരിശോധിച്ച് യാത്ര അനുവദിക്കുന്ന ഈ സംവിധാനം ഉടന്‍ നടപ്പാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

അനായാസവും കടലാസ് രഹിതവുമായ പരിശോധനാ സംവിധാനമാണ് ഡിജി യാത്ര. 2019 ഫെബ്രുവരിയോടെ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നിലവില്‍ വരും. ഡിജി യാത്ര സംവിധാനത്തില്‍ ഓരോ യാത്രക്കാരനും പ്രത്യേക തിരിച്ചറിയല്‍ സംവിധാനം ഉണ്ടാകും. അതായത്, വിമാന യാത്രകള്‍ക്കായി പ്രത്യേക ഡിജി യാത്രാ അക്കൗണ്ടുകള്‍. പേര്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ആധാര്‍ തുടങ്ങിയ വിവരങ്ങള്‍ ചേര്‍ന്നതാകും ഈ അക്കൗണ്ട്. അതിനാല്‍ വിവിധ രേഖകള്‍ ഒരുമിച്ച് കയ്യില്‍ കരുതേണ്ടതില്ല.

ഫെയ്‌സ് ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന പൂര്‍ത്തിയാക്കുന്നതിനാല്‍ സമയ നഷ്ടവും ഉണ്ടാകില്ല. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ വിമാനത്താവള പരിശോധനകള്‍ കൃത്യവും വേഗത്തിലും ആക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

Top