ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച 100 രഹസ്യഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ബോസിന്റെ 119-ാം ജന്മാവാര്‍ഷികത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫയലുകള്‍ പുറത്തുവിട്ടത്.
നേരത്തെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നേതാജിയെ സംബന്ധിച്ച 64 രഹസ്യഫയലുകള്‍ പരസ്യപ്പെടുത്തിയിരുന്നു. നേതാജിയുടെ ബന്ധുക്കളുടെ ദീര്‍ഘകാലമായ ആവശ്യപ്രകാരമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവ ഡിജിറ്റല്‍ ആര്‍കൈവ്‌സില്‍ സൂക്ഷിയ്ക്കുകയും പൊതുജനങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്യും.
ന്യൂഡല്‍ഹി നാഷണല്‍ ആര്‍കൈവ്‌സ് ഒഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ ബട്ടണ്‍ അമര്‍ത്തി ഡിജിറ്റല്‍ ആര്‍കൈവ് മോദി അനാവരണം ചെയ്തു. സുഭാഷ് ചന്ദ്രബോസിന്റെ 12 കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ മഹേഷ് ശര്‍മ്മയും ബാബുള്‍ സുപ്രിയോയും ചടങ്ങില്‍ പങ്കെടുത്തു. സര്‍ക്കാര്‍ നടപടിയില്‍ ഏറെ സന്തോഷമുണ്ടെന്ന് നേതാജിയുടെ ബന്ധുവായ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷിച്ച മൂന്ന് കമ്മീഷനുകളില്‍ ആദ്യ രണ്ടെണ്ണവും 1945 ഓഗസ്റ്റ് 18ന് തായ്‌വാനിലുണ്ടായ വിമാനാപകടത്തില്‍ നേതാജി മരിച്ചു എന്ന് തന്നെയാണ്. മൂന്നാം കമ്മീഷനായ ഖോസ്ലാ കമ്മീഷന്‍ മാത്രമാണ് വിമാനാപകടത്തില്‍ മരിച്ചുവെന്ന കണ്ടെത്തല്‍ തള്ളിക്കളഞ്ഞത്. സോവിയറ്റ് തടവറയില്‍ കിടന്ന് മരിച്ചുവെന്നും അതല്ല ഉത്തര്‍പ്രദേശില്‍ ഗുംനാമി ബാബയായി 80കള്‍ വരെ ജീവിച്ചുവെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളും കഥകളുമാണ് പ്രചരിച്ചത്.
കൊല്‍ക്കത്തയിലുള്ള നേതാജിയുടെ ബന്ധുക്കള്‍ ബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി വിശ്വസിയ്ക്കുന്നില്ല. അതേസമയം ഇത്തരം വാദങ്ങള്‍ തള്ളിക്കളഞ്ഞ ബോസിന്റെ മകള്‍ അനിത ബോസ് തന്റെ പിതാവ് കൊല്ലപ്പെട്ടത് വിമാനാപകടത്തിലാണെന്ന് തന്നെയാണ് വിശ്വസിയ്ക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ബ്രിട്ടിഷ് രേഖയും വ്യക്തമാക്കിയത് 1945 ഓഗസ്റ്റ് 18 നടന്ന വിമാനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുഭാഷ് ചന്ദ്രബോസ് ആശുപത്രിയില്‍ മരിച്ചു എന്നാണ്. ഏതായാലും ഘട്ടം ഘട്ടമായി ഫയലുകള്‍ പുറത്തുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.